അമിത് ഷാ മാലാഖ ചമയേണ്ട; ഇന്ന് ഇന്ത്യയിലെ വര്‍ഗീയതയുടെ ആള്‍രൂപമാണ് അമിത് ഷായെന്നും രമേശ് ചെന്നിത്തല

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, March 9, 2021

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമിത് ഷാ മാലാഖ ചമയേണ്ടെന്നും ഇന്ന് ഇന്ത്യയിലെ വര്‍ഗീയതയുടെ ആള്‍രൂപമാണ് അമിത് ഷായെന്നും രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

സ്വര്‍ണകള്ളക്കടത്തിനിടയില്‍ നടന്ന ദുരൂഹ മരണം ഏതാണെന്ന് അമിത് ഷാ വ്യക്തമാക്കണം. അങ്ങനെയൊരു കൊലപാതകം നടന്നിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അല്ലാതെ പരാതി കിട്ടിയാല്‍ അന്വേഷിക്കാമെന്നല്ല മുഖ്യമന്ത്രി പറയേണ്ടത്. കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിക്ക് ഇങ്ങനെയൊരു കൊലപാതകത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെങ്കില്‍ അത് കേരളത്തിലെ ജനങ്ങളോട് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘അമിത് ഷാ മാലാഖ ചമയേണ്ട. ഇന്ന് രാജ്യത്തെ വര്‍ഗീയതയുടെ ആള്‍രൂപമാണ് അമിത് ഷാ. ഗുജറാത്ത് കലാപത്തിന്റെ ആസൂത്രണം അദ്ദേഹത്തിന്റെ കൈയ്യിലൂടെയാണ് നടന്നത്. നമ്മുടെ രാജ്യത്തെ നിരവധി കേസുകളില്‍പെട്ട് മതന്യൂനപക്ഷങ്ങളെ പീഡിപ്പിച്ചയാളാണ് അമിത് ഷാ.

മുസ്‌ലിം സമുദായത്തെ ഏതു കാലത്തും മുന്നില്‍ നിന്നു വേട്ടയാടാന്‍ ശ്രമിച്ചയാളാണ് അമിത് ഷാ. അമിത് ഷായുടെ ഗിനി പ്രസംഗമൊന്നും കേരളത്തില്‍ ചെലവാകാന്‍ പോവുന്നില്ല. അതിനു രറുപടിയായി മുഖ്യമന്ത്രി പറഞ്ഞത് പരസ്പരമുള്ള കള്ളക്കളിയാണ്,’ രമേശ് ചെന്നിത്തല പറഞ്ഞു.

×