/sathyam/media/post_attachments/HoY44GZnoQzpDBQ9R0pE.jpg)
ആലത്തൂര്‍: സിപിഎം പ്രവര്‍ത്തകര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് രമ്യ ഹരിദാസ് എംപി. സിപിഎം പ്രവർത്തകരായ രണ്ട് പേർക്കെതിരെ രമ്യ ഹരിദാസ് പൊലീസിന് പരാതി നൽകി. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. ആലത്തൂർ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് നാസർ, നജീബ് കണ്ടാലറിയാവുന്ന ഏഴ് പേർക്കും എതിരെയാണ് പരാതി.
തൊഴിലുറപ്പ് തൊഴിലാളികളുമായി സംസാരിക്കുന്നതിനിടെ സി.പി.എം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ആലത്തൂരിൽ കാലു കുത്തിയാൽ കാലു വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് രമ്യ ഹരിദാസ് പറയുന്നു. ഞായറാഴ്ച ഉച്ചക്ക് ശേഷം ആലത്തൂര്‍ പോലീസ് സ്‌റ്റേഷന് സമീപത്ത് വെച്ചായിരുന്നു സംഭവം.
മണ്ഡലത്തിലൂടെ സഞ്ചരിക്കുകയായിരുന്ന രമ്യ ഹരിദാസ് എംപി പോലീസ് സ്‌റ്റേഷന് സമീപം ഹരിതകര്‍മ സേന പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു. ഈ സമയം ചില സിപിഎം പ്രവര്‍ത്തകര്‍ തടയാനെത്തി എന്നാണ് രമ്യ ഹരിദാസ് ആരോപിക്കുന്നത്. ഒപ്പം മോശമായ വാക്കുകള്‍ ഉപയോഗിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും എംപി ആരോപിക്കുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനം തടസപ്പെടുത്തുകയാണ്. തെരഞ്ഞെടുപ്പിന്റെ സമയത്ത് ആലത്തൂരിൽ വെച്ച് കല്ലെറിഞ്ഞു. ഇപ്പോൾ രണ്ട് തവണയായി ഭീഷണിയുമായി വരുന്നുവെന്നും എംപി പരാതിപ്പെട്ടു.
എന്നാൽ ആരോപണം നിഷേധിച്ച് സിപിഎം രംഗത്തെത്തി. പരാതിയിൽ പറയുന്ന പോലെ ഭീഷണി ഉണ്ടായിരുന്നില്ല. ഇത്തരം പരാതികൾ എംപിയുടെ സ്ഥിരം രീതിയാണെന്നും ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നും ആരോപണ വിധേയൻ കൂടിയായ ആലത്തൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് നാസർ പ്രതികരിച്ചു.