തിരുവനന്തപുരം: രാജീവ് ​ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിന്റെ പേര് മേജർ ധ്യാൻചന്ദ് ഖേൽ രത്ന എന്ന് കേന്ദ്ര സർക്കാർ പുനർനാമകരണം ചെയ്തതിന് പിന്നാലെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. പുരാണത്തിന്റെ ചിറകിലേറി അധികാരത്തിലേറിയവർക്ക് ചരിത്രമെപ്പോഴും ഒരു ഭാരമാണ്. അത് ഖേൽ രത്നയോടൊപ്പം ചേർത്ത് വെച്ച രാജീവ് ഗാന്ധി മുതൽ മഹാത്മാ ഗാന്ധി വരെ സംഘ് പരിവാറിന് ഒരു ഭാരമാണ്. സംഘ് പരിവാർ എത്ര ആവർത്തി മായ്ച്ചാലും ഗാന്ധിയും, നെഹറുവും, ഇന്ദിരയും, രാജീവും തിളക്കമാർന്ന ഇന്ത്യയുടെ അദ്ധ്യായങ്ങളാണ്. എഴുന്നേറ്റ് നിൽക്കുന്ന തൂണുകളാണവർ, ആധുനിക ഇന്ത്യയുടെ ശില്പികൾ. രാഷ്ട്രപിതാവായി മോഹൻ ദാസ് കരംചന്ദ് ഗാന്ധിക്ക് പകരം നരേന്ദ്ര ദാമോദർദാസ് മോദി മുതലപ്പുറത്തേറി വരുന്ന കാലം വിദൂരമല്ലെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
രാഹുൽ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
മോഡിയുടെ ഇന്ത്യയിൽ നടക്കുന്നതൊന്നും നമ്മളെ അദ്ഭുതപ്പെടുത്തുന്നതേയില്ല. 2024 എന്ന അക്കത്തിൽ കലണ്ടറിൽ തൊടുമ്പോൾ സംഘ് പരിവാർ രൂപീകരണത്തിന് ഒരു നൂറ്റാണ്ട് പൂർത്തിയാവും. അപ്പോഴേക്കും ചരിത്രം കീഴ്മേൽ മറിക്കുമെന്ന് ഒരു ചരിത്ര വിദ്യാർത്ഥിയെന്ന നിലയിൽ ഞാൻ കരുതുന്നു. പുരാണത്തിന്റെ ചിറകിലേറി അധികാരത്തിലേറിയവർക്ക് ചരിത്രമെപ്പോഴും ഒരു ഭാരമാണ്. അത് ഖേൽരത്നയോടൊപ്പം ചേർത്ത് വെച്ച രാജീവ് ഗാന്ധി മുതൽ മഹാത്മാ ഗാന്ധി വരെ സംഘ് പരിവാറിന് ഒരു ഭാരമാണ്.അധികാരത്തിലേറിയ ആദ്യത്തെ അജണ്ട നെഹ്റുവിന്റെ ലെഗസിക്ക് കുഴിമാടമൊരുക്കലായിരുന്നു. പഞ്ചവത്സര പദ്ധതി തൊട്ട് ജെ.എൻ.യു സർവ്വകലാശാല വരെ അതിനുദാഹരണങ്ങളാണ്.
അംബരചുംബികളായ കെട്ടിടങ്ങൾക്ക് മുകളിൽ കൊത്തി വെച്ച അക്ഷരങ്ങളിലല്ല ഈ മഹാന്മാരുടെ ചരിതങ്ങൾ ഉറങ്ങുന്നതും ഓർക്കുന്നതും, ജനങ്ങളുടെ മനസ്സിലും ഇന്ത്യൻ മണ്ണിലുമാണ്. അത് സംഘ് പരിവാരം എത്ര ആവർത്തി മായിച്ചാലും ഗാന്ധിയും, നെഹ്റുവും, ഇന്ദിരയും,രാജീവും തിളക്കമാർന്ന ഇന്ത്യയുടെ അധ്യായങ്ങളാണ്... എഴുന്നേറ്റ് നിൽക്കുന്ന തൂണുകളാണവർ, ആധുനിക ഇന്ത്യയുടെ ശില്പികൾ.രാഷ്ട്രപിതാവായി മോഹൻ ദാസ് കരംചന്ദ് ഗാന്ധി ക്ക് പകരം നരേന്ദ്ര ദാമോദർ ദാസ് മോഡി മുതലപ്പുറത്തേറി വരുന്ന കാലം വിദൂരമല്ല.