‘രാഷ്ട്രീയം എനിക്കു പേടിയായിരുന്നു, ചേട്ടൻ പാർട്ടി മീറ്റിങ്ങിനു പോകുമ്പോൾ ഞാൻ തുടരെത്തുടരെ വിളിക്കും. ഉടുമ്പ് അള്ളിപ്പിടിക്കുന്നതുപോലെ നീയവനെ ഇങ്ങനെ പിടിച്ചുവയ്ക്കാതെ സ്വാതന്ത്ര്യം കൊടുക്കണമെന്ന് എല്ലാവരും പറയുമായിരുന്നു. പക്ഷേ അത്രയ്ക്കു പേടിയായിരുന്നു എനിക്ക്. ഇങ്ങനെയൊക്കെ കാത്തിട്ടും കൊണ്ടുപോയല്ലോ; രഞ്ജിത്തിന്റെ ഭാര്യ പറയുന്നു

New Update

ആലപ്പുഴ: ഡിസംബർ 25 ലിഷയുടെ പിറന്നാളാണ്. 24നു കോടതി അടച്ചാൽ 25നു ലിഷയ്ക്കും കുട്ടികൾക്കുമൊപ്പം വയനാട്ടിൽ പോയി പിറന്നാൾ ആഘോഷിക്കാനിരുന്നതാണു രൺജീത്. കഴിഞ്ഞ വർഷം ആശിച്ചുവാങ്ങിയ സമ്മാനം ഒരു കാർ ആയിരുന്നു. ആ കാറിലാണ് പോകാനിരുന്നത്.

Advertisment

publive-image

കോടതിയിലെ പ്രാക്ടീസിനിടയിലാണ് അഭിഭാഷകരായ രൺജീതും ലിഷയും പ്രണയത്തിലായത്. വ്യത്യസ്ത മതസ്ഥരായ ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായി. 16 വർഷത്തിനപ്പുറം ജീവിതത്തിൽ കൂട്ടുകാരനെ എന്നേക്കുമായി നഷ്ടപ്പെട്ട ലിഷയോടു പലരും പറഞ്ഞു– ‘കരയരുത്, കുട്ടികൾ തളരും.’ ലിഷ തലകുലുക്കി കരയാതിരിക്കാൻ ശ്രമിച്ചെങ്കിലും പ്രിയപ്പെട്ടവന്റെ ജീവനില്ലാത്ത ശരീരമെത്തിയപ്പോൾ അലറിക്കരഞ്ഞു.

‘‘രാഷ്ട്രീയം എനിക്കു പേടിയായിരുന്നു. ചേട്ടൻ പാർട്ടി മീറ്റിങ്ങിനു പോകുമ്പോൾ ഞാൻ തുടരെത്തുടരെ വിളിക്കും. ഉടുമ്പ് അള്ളിപ്പിടിക്കുന്നതുപോലെ നീയവനെ ഇങ്ങനെ പിടിച്ചുവയ്ക്കാതെ സ്വാതന്ത്ര്യം കൊടുക്കണമെന്ന് എല്ലാവരും പറയുമായിരുന്നു. പക്ഷേ അത്രയ്ക്കു പേടിയായിരുന്നു എനിക്ക്. ഇങ്ങനെയൊക്കെ കാത്തിട്ടും കൊണ്ടുപോയല്ലോ..’’ ലിഷയുടെ വാക്കുകൾ.

രൺജീതിന്റെ നിഴലായിരുന്നു അഞ്ചാം ക്ലാസുകാരിയായ ഇളയ മകൾ ഹൃദ്യ. ‘കുഞ്ചാ’ എന്ന വിളി കേട്ടാൽ എന്തിനാണെന്നു മനസ്സിലാകും. ഓടിച്ചെന്ന് ഫോൺ എടുത്തുകൊടുക്കും; അല്ലെങ്കിൽ പത്രം എടുത്തുകൊടുക്കും. കൺമുന്നിലിട്ട് അച്ഛനെ വെട്ടിവീഴ്ത്തുന്നതു കാണേണ്ടി വന്ന അവൾ പനിയുടെ ക്ഷീണത്തിൽ കണ്ണടയ്ക്കാൻ ശ്രമിക്കുന്നു;

അച്ഛന്റെ മുഖം ഉള്ളിൽ തെളിഞ്ഞു ഞെട്ടിയുണരുന്നു. ചേച്ചി രാവിലെ ട്യൂഷനു പോകാൻ മടി കാണിച്ചാൽ അച്ഛൻ വഴക്കു പറയാറുണ്ട്. ആ ശബ്ദമാണെന്നു കരുതിയാണു ഹൃദ്യ പുറത്തേക്കു ചെന്നത്. ചോരയിൽ കുളിച്ചുകിടക്കുന്ന അച്ഛനെയും കത്തിയും വാളുമായി നിൽക്കുന്ന കുറെപ്പേരെയുമാണു കണ്ടത്. ഓടി അച്ഛന്റെ അടുത്തേക്കുചെന്ന അവളുടെ കഴുത്തിലും അവർ കത്തിവച്ചു ഭീഷണിപ്പെടുത്തി.

ഒൻപതാം ക്ലാസുകാരിയായ മൂത്തമകൾ ഭാഗ്യയ്ക്കു വരയ്ക്കാനിഷ്ടമാണ്. വീടിന്റെ ചുവരിൽ വരച്ചാലും ‘ഉണ്ണിക്കുട്ടനെ’ അച്ഛൻ വഴക്കു പറയുമായിരുന്നില്ല; ചായമിടാൻ കൂടെച്ചേരും. ഭാഗ്യയുടെ നൃത്തം ഫെബ്രുവരി 5നു മുല്ലയ്ക്കൽ ക്ഷേത്രത്തിൽ നടത്താൻ തീരുമാനിച്ചിരുന്നു. രാവിലെ ട്യൂഷനു പോകുമ്പോൾ ഭാഗ്യ തുറന്നിട്ട വാതിൽ കടന്നാണ് അക്രമികളെത്തിയത്.

അമ്മയുടെ ക‌ൺമുന്നിലാണ് മകൻ വെട്ടേറ്റു പിടഞ്ഞത്. തടയാൻ ചെന്ന വിനോദിനിയുടെ മുതുകത്ത് അക്രമികളിലൊരാൾ കത്തികൊണ്ടു വരഞ്ഞു. ഒരമ്മയും ഇങ്ങനെയൊരു കാഴ്ച കാണാൻ ഇടവരരുതെന്നാണ് വിനോദിനിയുടെ പ്രാർഥന. ‘‘മോൻ വന്നോ ? എനിക്ക് അവന്റെ കൂടെ ഇരിക്കണം. അവനെ കൊണ്ടുവരാൻ ഞാനും വരാം’’ – വിനോദിനി ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു.

Advertisment