പ്രളയത്തിനു ശേഷം ദുരിതാശ്വാസ നിധിയിലേക്കു 4,106.38 കോടി രൂപ ലഭിച്ചു , അതില്‍ 2,041.34 കോടി രൂപ ചെലവഴിച്ചു ; വരവു ചെലവു കണക്കുകള്‍ വെളിപ്പെടുത്തി മുഖ്യമന്ത്രി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, July 20, 2019

തിരുവനന്തപുരം : പ്രളയത്തിനു ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു 4,106.38 കോടി രൂപ ലഭിച്ചുവെന്നും അതില്‍ 2,041.34 കോടി രൂപ ചെലവഴിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മത്സ്യത്തൊഴിലാളി ഭവന നിര്‍മാണത്തിനുള്‍പ്പെടെ ബാക്കിയുള്ള തുക ചെലവഴിക്കും. പ്രളയഘട്ടത്തില്‍ 5 ലക്ഷത്തിലേറെ പേരെയാണു രക്ഷപ്പെടുത്തിയത്. 6,92,966 കുടുംബങ്ങള്‍ക്കു 10,000 രൂപ വീതം അടിയന്തര സഹായം നല്‍കി.

16,954 കിലോമീറ്റര്‍ റോഡിന്റെ കേടുപാടു തീര്‍ത്തു. 25.6 ലക്ഷം വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിച്ചു. പൂര്‍ണമായി തകര്‍ന്ന 15,521 വീടുകളുടെ പുനര്‍നിര്‍മാണം നടക്കുന്നു.

അതിജീവനത്തിന്റെയും മുന്നേറ്റത്തിന്റെയും നിശ്ചയദാര്‍ഢ്യമായാണു റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ഏറ്റെടുത്തത്. കേരളത്തിനുണ്ടായ നഷ്ടം (31,000 കോടി രൂപ), ആഭ്യന്തര വരുമാനത്തിന്റെ 4 ശതമാനത്തോളം വരും.

×