Advertisment

ചെറിയ തൊണ്ടവേദന, ജലദോഷം , തുമ്മല്‍ , ശരീരവേദന, തലവേദന എന്നിവയായിരുന്നു എനിക്കുണ്ടായിരുന്നത് ; ശബ്ദത്തിനും ചെറിയ മാറ്റം തോന്നി ; കൊവിഡ് ബാധിതരായ രോഗികകള്‍ പ്രായമായവര്‍ ആയതിനാല്‍ കൂടുതല്‍ അടുത്തിടപഴകേണ്ടി വന്നു ; അവര്‍ ചുമക്കുകയും തുമ്മുകയും ചെയ്യും ; കൊറോണയെ അതിജീവിച്ച നഴ്‌സ് പറയുന്നു

New Update

കോട്ടയം : കോവിഡ് പൂര്‍ണമായും ഭേദമായ രേഷ്മ മോഹൻദാസ് എന്ന നഴ്‌സ്‌ മാസ്കും ധരിച്ച് തോളിൽ ഒരു ബാഗുമിട്ട് വീട്ടിലേക്കു മടങ്ങുന്ന ചിത്രം വൈറലായിരുന്നു .രേഷ്മ കോട്ടയം മെഡിക്കൽ കോളജിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യാൻ തുടങ്ങിയിട്ട് മൂന്നു വർഷമാകുന്നു. ബിഎസ്‌സി നഴ്സിങ് കഴിഞ്ഞുള്ള ആദ്യ പോസ്റ്റിങ്ങും ഇവിടെത്തന്നെയായിരുന്നു.

Advertisment

എന്തായാലും ഈ മൂന്നു വർഷത്തിനിടയിൽ‌ ലഭിച്ച ഏറ്റവും വലിയ അനുഭവസമ്പത്ത് ഈ കോവിഡ് രോഗീശുശ്രൂഷ തന്നെയായിരുന്നെന്ന് രേഷ്മ പറയുന്നു. ഇപ്പോൾ 14 ദിവസത്തെ ഹോം ക്വാറന്റീനിൽ ചോറ്റാനിക്കര തിരുവാങ്കുളം വീട്ടിൽ ഭർത്താവിനും ഭർത്താവിന്റെ അമ്മയ്ക്കും ഒപ്പമാണ് രേഷ്മ ഉള്ളത്.

publive-image

എന്റെ വീട് കോട്ടയത്താണ്. ഭർത്താവ് ഉണ്ണികൃഷ്ണന്റെ തിരുവാങ്കുളത്തെ വീട്ടിൽ നിന്നായിരുന്നു ഞാൻ ജോലിക്കു വന്നുകൊണ്ടിരുന്നത്. കോവിഡ് വാർഡിലേക്കു മാറിയതിൽപ്പിന്നെ വീട്ടിലേക്കു പോയില്ല, ഹോസ്റ്റലിലായിരുന്നു താമസം.

ഓപ്പറേഷൻ തിയറ്ററിലായിരുന്നു ഞാൻ ജോലി ചെയ്തിരുന്നത്. കോവിഡ് പ്രത്യേക വിഭാഗം വന്നപ്പോൾ താൽപര്യമുള്ളവർ അറിയിക്കാൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പേരു നൽകി ഡ്യൂട്ടിക്കു ചേരുകയായിരുന്നു. ഏറെ താൽപര്യത്തോടെയാണ് കോവിഡ് ബാധിച്ചവരെ ശുശ്രൂഷിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തത്. പത്തനംതിട്ടയിൽനിന്നു വന്ന വയോധിക ദമ്പതികളെ ഒരിക്കലും മറക്കാൻ കഴിയില്ല.

മാർച്ച് 12 മുതൽ 22 വരെ, കോവിഡ് ബാധിച്ച രോഗികളെ ശുശ്രൂഷിക്കുന്നുണ്ടായിരുന്നു. 22ന് ഈവനിങ് ഷിഫ്റ്റിനു പോയി തിരിച്ചു വരുന്നതുവരെയും എനിക്ക് ബുദ്ധിമുട്ടുകളൊന്നുമുണ്ടായിരുന്നില്ല. 23ന് രാവിലെ എഴുന്നേറ്റപ്പോൾ ചെറിയ ലക്ഷണങ്ങൾ തോന്നി. പനിയുടെ ലക്ഷണമായാണ് തോന്നിയത്. കോവിഡ് പോസിറ്റീവ് രോഗികളെ നോക്കുന്നതുകൊണ്ടുതന്നെ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുകയാണെങ്കിൽ അപ്പോൾതന്നെ അറിയിക്കണമെന്ന നിർദേശം ലഭിച്ചിരുന്നു.

അതിനാൽത്തന്നെ രാവിലെ നേരേ മെഡിക്കൽകോളജിലെ ഫീവർ ക്ലിനിക്കിലേക്കു പോയി. ഡോക്ടറെ കണ്ടപ്പോൾ നേരേ ടെസ്റ്റിനു വിട്ടു. ശേഷം ഐസലേഷൻ വാർഡിലേക്കു മാറി. അടുത്ത ദിവസമാണ് പോസിറ്റീവാണെന്ന ഫലം വന്നത്. ചെറിയ തൊണ്ടവേദന, ജലദോഷം, തുമ്മൽ, ശരീരവേദന, തലവേദന എന്നിവയായിരുന്നു എനിക്കുണ്ടായിരുന്നത്. ശബ്ദത്തിനും ചെറിയ മാറ്റം തോന്നിയിരുന്നു. വലിയ ശാരീരിക അസ്വസ്ഥതകളൊന്നും ഉണ്ടായിരുന്നില്ല.

പിപിഇ, മാസ്ക് ഉൾപ്പടെയുള്ള സുരക്ഷാകവചങ്ങളെല്ലാം അണിഞ്ഞായിരുന്നു രോഗികളുടെ അടുത്ത് എത്തിയിരുന്നത്. എങ്കിലും പ്രായമായവർ ആയിരുന്നതിനാൽ കൂടുതൽ അടുത്തിടപഴകേണ്ടി വന്നിരുന്നു. അവരുടെ ഏറ്റവും അടുത്തായിരുന്നു നിന്നിരുന്നതും. അവർ തുമ്മുകയും ചുമയ്ക്കുകയുമൊക്കെ ചെയ്യും. ബെഡിൽതന്നെ കിടപ്പായതിനാൽ ആഹാരം കഴിപ്പിക്കുകയും ഡയപ്പർ മാറ്റുകയുമൊക്കെ ചെയ്യണമായിരുന്നു. ഇങ്ങനെ കൂടുതൽ അടുത്തിടപഴകേണ്ടി വന്നതുവഴിയാകാം എനിക്കു രോഗം കിട്ടിയത്.

നമമ്മുടെ വീട്ടിലുള്ളവർ എന്ന രീതിയിലായിരുന്നു അവരോടു സംസാരിച്ചതും ശുശ്രൂഷിച്ചതുമെല്ലാം. സ്നേഹിച്ചാൽ തിരിച്ചും അതുപോലെ വർത്തമാനം പറയും. ആഹാരം കഴിക്കാതിരിക്കുമ്പോഴെങ്ങാനും ദേഷ്യപ്പെട്ടാൽ പിന്നെ തീർന്നു. കൂട്ടത്തിൽ അപ്പച്ചനായിരുന്നു ഇത്തിരി ദേഷ്യവും വാശിയുമൊക്കെ. ആഹാരം വേണ്ടെന്നു പറയുമ്പോൾ വീട്ടിൽ പോകണ്ടേന്നു ചോദിച്ചാൽ അപ്പച്ചൻ കഴിക്കും. അമ്മച്ചിക്കാണെങ്കിൽ മീൻകറി നിർബന്ധം. അതിനാൽ ഹോസ്റ്റലിൽ നിന്നൊക്കെ മീൻകറി കൊടുത്തും വീട്ടിൽ നിന്നു കൊണ്ടുവന്ന ആഹാരമാണെന്നുമൊക്കെ പറഞ്ഞായിരുന്നു ഇരുവരെയും കഴിപ്പിച്ചിരുന്നത്.

തങ്ങൾ കോവിഡ് രോഗികളാണെന്ന് ഇരുവർക്കും അറിയില്ലായിരുന്നു. അവരെ വെറുതേ പിടിച്ച് അവിടെ കിടത്തിയിരിക്കുകയാണെന്നായിരുന്നു ഇരുവരുടെയും പരാതി.

രോഗലക്ഷണം കണ്ട് ഐസലേഷനിലേക്കു മാറിയപ്പോഴും പ്രാർഥന എന്റെ കൂടെയുള്ളവർക്ക് ഒന്നും സംഭവിക്കരുതേ എന്നായിരുന്നു. കൂടെ അപ്പച്ചനും അമ്മച്ചിയും മിടുക്കരായി പഴയതുപോലെ തിരിച്ചു വരുന്നതു കാണാനും ആഗ്രഹമുണ്ടായിരുന്നു.

കോവിഡ് രോഗം സ്ഥിരീകരിച്ചപ്പോൾ വീട്ടിൽ എല്ലാവർക്കും ആദ്യം ചെറിയ പേടിയായിരുന്നു. കാരണം പുറത്തു കേൾക്കുന്ന വാർത്തകൾ, മറ്റു രാജ്യങ്ങളിലെ കണക്കുകൾ ഒക്കെ അവരെ ഭീതിയിലാക്കിയിരുന്നു. വീട്ടിൽനിന്നു മാറി കുറച്ചു ദിവസം നിൽക്കുന്നതിന്റെ പ്രശ്നമേ ഉള്ളുവെന്നും പേടിക്കേണ്ട യാതൊരു ആവശ്യവുമില്ലെന്നുമൊക്കെ പറഞ്ഞു മനസ്സിലാക്കിയപ്പോൾ അവരുടെയും പേടി മാറി. പിന്നെ ദിവസവും വിഡിയോകോൾ വഴി കാണുന്നുമുണ്ടായിരുന്നു.

സർക്കാരും ആരോഗ്യപ്രവർത്തകരും നൽകുന്ന നിർദേശങ്ങൾ എല്ലാവരും പാലിക്കുക. രോഗം വരുന്നത് ആരുടെയും കുറ്റം കൊണ്ടല്ല, പേടിക്കേണ്ട കാര്യമില്ല. നമ്മുടെ ആരോഗ്യവകുപ്പ് നല്ല സപ്പോർട്ടാണ്. വേണ്ട ചികിത്സ കൃത്യമായി നൽകുന്നുണ്ട്. നാം കാരണം നമുക്കു ചുറ്റുമുള്ളവർക്ക് രോഗം വരാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാണ് പ്രധാനം.

covid 19 corona virus
Advertisment