മുംബൈ: നടി റിയ ചക്രവർത്തിയുടെ ബാങ്ക് അക്കൗണ്ട് ഒരു വർഷത്തിന് ശേഷം ഡിഫ്രീസുചെയ്‌തു. ഗാഡ്‌ജെറ്റുകൾ തിരികെ നല്‍കാനും കോടതി ഉത്തരവിട്ടു. നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് (എൻഡിപിഎസ്) നിയമപ്രകാരമുള്ള പ്രത്യേക കോടതിയാണ് റിയ ചക്രവർത്തിയുടെ ബാങ്ക് അക്കൗണ്ടുകൾ ഡിഫ്രീസു ചെയ്യാന്‍ ഉത്തരവിട്ടത്.
നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തെ തുടർന്ന് കഴിഞ്ഞ വർഷം ജൂണിൽ മയക്കുമരുന്ന് കേസിൽ പ്രതിയായതിനെ തുടർന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) റിയ ചക്രവർത്തിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു.
താനൊരു അഭിനേതാവാണെന്നും മോഡൽ ആണെന്നും, കാരണം കൂടാതെ 16/09/2020 ലെ നോട്ടീസ് വഴി ബാങ്ക് അക്കൗണ്ടുകളും എഫ്‌ഡികളും എൻസിബി മരവിപ്പിച്ചെന്നും ഇത് കടുത്ത അനീതിക്ക് കാരണമാകുന്നുവെന്നും തന്റെ ബാങ്ക് അക്കൗണ്ടുകൾ ഡിഫ്രീസ് ചെയ്യുന്നതിനുള്ള അപേക്ഷയിൽ റിയ ചക്രവർത്തി പറഞ്ഞു.
തന്റെ ജീവനക്കാരുടെ ശമ്പളം നൽകുന്നതിനും ജിഎസ്ടി പേയ്‌മെന്റുകൾ ഉൾപ്പെടെയുള്ള വിവിധ നികുതി ബാധ്യതകൾ നിറവേറ്റുന്നതിനും ബാങ്ക് അക്കൗണ്ടിന്റെ പ്രവർത്തനം ആവശ്യമാണെന്ന് അപേക്ഷയിൽ പറയുന്നു.
ബാങ്ക് അക്കൗണ്ടിലെ തുകയിൽ നിന്നാണ് താൻ ജീവിക്കുന്നതെന്നും നടി പറഞ്ഞു. തന്റെ ബാങ്ക് അക്കൗണ്ടുകൾ 10 മാസമായി മരവിപ്പിച്ചിരിക്കുകയാണെന്നും അതിനാൽ അവ ഡിഫ്രീസ് ചെയ്യണമെന്നും അവർ പറഞ്ഞു. മുൻവിധിയോടെയുള്ള അധികൃതരുടെ പ്രവൃത്തി അനീതിയാണെന്നും റിയ ചക്രവർത്തി ചൂണ്ടിക്കാട്ടി.