ഒന്നരലക്ഷം വിലയുള്ള ബോണ്‍സായി മരം മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, January 16, 2021

ഹൈദരാബാദ്: ഒന്നരലക്ഷം രൂപ വിലയുള്ള ബോണ്‍സായി മരം മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. ഗൊല്ലാപുഡി പ്രസന്ന ജ്ഞാനയുലു ആണ് പിടിയിലായത്. മറ്റൊരാളെ കൂടി പിടികൂടാനുണ്ടെന്ന് ഹൈദരാബാദ് പൊലീസ് അറിയിച്ചു. ആന്ധ്രാ മുന്‍ ഡി.ജി.പി വി.അപ്പറാവുവിന്റെ വീട്ടില്‍ നിന്നാണ് 15 വര്‍ഷം പ്രായമുള്ള ക്യാഷ്വറീന ബോണ്‍സായി മരം മോഷ്ടിച്ചത്.

തോട്ടക്കാരന്‍ വെള്ളം നനയ്ക്കാന്‍ ചെന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വീടിന് ചുറ്റും സി.സി.ടി.വികള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതെല്ലാം കേടായിരുന്നു. തുടര്‍ന്ന് പ്രദേശത്തുള്ള മറ്റ് സി.സി.ടി.വികള്‍ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. രണ്ട് പേര്‍ ബൈക്കിലെത്തി മരം എടുത്തുകൊണ്ടുപോകുന്നത് ദൃശ്യങ്ങളില്‍ കാണാമായിരുന്നു.

നിര്‍മാണ തൊഴിലാളിയായ പ്രസന്ന ജ്ഞാനയുലു ജൂബിലി ഹില്‍ പ്രദേശത്തുകൂടെ പോയപ്പോഴെല്ലാം ഈ മരം കണ്ടിരുന്നു. തുടര്‍ന്ന് അഭിഷേക് എന്ന സുഹൃത്തിനെ കൂട്ടി അത് മോഷ്ടിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മറ്റാര്‍ക്കെങ്കിലും വില്‍ക്കുകയായിരുന്നു ലക്ഷ്യം.

×