കൊന്നുതള്ളിയ ജോളിയും പിടിച്ചുകെട്ടിയ റോജോയും രാവിലെ നേര്‍ക്കുനേര്‍. റോജോയുടെ യാത്രകള്‍ക്ക് പോലീസ് അകമ്പടി. ജോളിയുടെ അദൃശ്യ സഹായികളില്‍ നിന്നും റോജോയ്ക്ക് സംരക്ഷണം ഉറപ്പാക്കി പോലീസ് !

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Monday, October 14, 2019

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പര സ്വന്തം അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവന്ന മുഖ്യസാക്ഷിയും പരാതിക്കാരനുമായ റോജോ തോമസും മുഖ്യപ്രതി ജോളിയും ചൊവ്വാഴ്ച നേര്‍ക്കുനേര്‍.

ജോളിയുടെ ആദ്യ ഭർത്താവ് മരിച്ച റോയിയുടെ സഹോദരനാണ് റോജോ. വടകര എസ് പി ഓഫീസില്‍ ചൊവ്വാഴ്ച ഇരുവരെയും ഒന്നിച്ചിരുത്തി ജോളിയെ ചോദ്യം ചെയ്യാനാണ് പോലീസിന്‍റെ നീക്കം. ഒപ്പം റോജോയുടെ മൊഴിയും രേഖപ്പെടുത്തും.

അന്വേഷണ സംഘത്തിന്റെ നിർദേശപ്രകാരമാണ് റോജോ കഴിഞ്ഞ ദിവസം അമേരിക്കയിൽ നിന്നു നാട്ടിലെത്തിയത്. നെടുമ്പാശേരിയിൽ നിന്നു പൊലീസ് അകമ്പടിയോടെയാണ് റോജോ വൈക്കതെത്തിയത്.

ഇവിടെ നിന്നും വടകരയ്ക്കുള്ള റോജോയുടെ യാത്രയും പോലീസ് അകമ്പടിയോടെ ആയിരിക്കും. റോജോയ്ക്ക് ജോളിയെ സഹായിക്കുന്ന ബാഹ്യ ശക്തികളുടെ ഭീക്ഷണി ഉണ്ടെങ്കില്‍ അതില്‍ നിന്നും സംരക്ഷണം നല്‍കുക എന്നതാണ് പോലീസിന്‍റെ ഉദ്ദേശ്യം.

റോജോയുടെ സാന്നിധ്യത്തിൽ ജോളിയെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളഴിക്കുന്നതിൽ നിർണായകമായത് റോജോ തോമസിന്റെ പരാതിയാണ്. റോയിയുടെയും മാതാപിതാക്കളായ ടോം തോമസ്, അന്നമ്മ തോമസ് എന്നിവരുടെ മരണങ്ങൾ കൊലപാതകമാണെന്ന് റോജോ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

ടോം തോമസിന്റെ ഭൂമി തട്ടിയെടുക്കാൻ ജോളി നടത്തിയ നീക്കമാണ് റോജോയിൽ സംശയമുണർത്തിയത്. ജോളിക്ക് എൻഐടിയിൽ ജോലിയില്ലെന്ന് ആദ്യമായി കണ്ടെത്തിയതും റോജോയാണ്. ലോക്കൽ പൊലീസ് അവഗണിച്ച റോജോയുടെ കണ്ടെത്തലുകൾ ക്രൈംബ്രാഞ്ച് മുഖവിലയക്കെടുത്ത നടത്തിയ അന്വേഷണത്തിൽ ജോളി ഉൾപ്പെടെ അറസ്റ്റിലായി.

ഫോണിൽ വിളിച്ചാണ് അമേരിക്കയിലായിരുന്ന റോജോയിൽ നിന്ന് അന്വേഷണ സംഘം ചിവരങ്ങൾ ശേഖരിച്ചത്. ജോളിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കൂടുതൽ വിവരങ്ങൾ ലഭിച്ചു ഒപ്പം ചില ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ലഭിച്ചില്ല.

റോജോയുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്ത് ഇതിൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.  റോജോയുടെ മൊഴിയിലുടെ മരണങ്ങൾ സംബന്ധിച്ചും വ്യാജ ഒസ്യത്ത് സംബന്ധിച്ച കേസിലും നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

ശാസ്ത്രീയമായ തെളിവുകൾ കണ്ടെത്താൻ സാധ്യമായ വഴികളെല്ലാം തേടുമെന്ന് സാങ്കേതിക വിദഗ്ധരുടെ സംഘത്തെ നയിക്കുന്ന ഐടി സെൽ എസ്പി ഡോ. ദിവ്യ ഗോപിനാഥ് പറഞ്ഞു.

×