രൂപശ്രീയെ കൊന്നത് പ്രണയം തകര്‍ന്നതിന്റെ പക തീര്‍ക്കാന്‍

ഉല്ലാസ് ചന്ദ്രൻ
Friday, January 24, 2020

അദ്ധ്യാപികയായ രൂപശ്രീയെ സഹഅദ്ധ്യാപകന്‍ കൊലപ്പെടുത്തിയതിന് പിന്നില്‍ ഏഴുവര്‍ഷം നീണ്ട പ്രണയം തകര്‍ന്നതിന്റെ പകയാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. 2003-ലാണ് വെങ്കിട്ടരമണ ഈ സ്‌കൂളില്‍ അദ്ധ്യാപകനായത്. 2014-ല്‍ രൂപശ്രീ ചരിത്ര അദ്ധ്യാപികയായി എത്തി.

സ്‌കൂളിലെ പ്രദര്‍ശനങ്ങളില്‍ മോഡലിംഗിന് രൂപശ്രീക്ക് സമ്മാനം ലഭിച്ചിരുന്നു. മോഡലിംഗില്‍ സഹായിച്ചത് ചിത്രകലാ അദ്ധ്യാപകന്‍ വെങ്കിട്ട രമണയായിരുന്നു. ഇതുവഴിയാണ് ഇരുവരും അടുത്തത്. പിന്നീട് പ്രണയമായി. പൂജയും മന്ത്രവാദവും നടത്തി ധാരാളം പണമുണ്ടാക്കിയിരുന്ന അദ്ധ്യാപകന്‍ രൂപശ്രീയെ സാമ്പത്തികമായി കണക്കറ്റ് സഹായിച്ചിരുന്നു. ഒരുതവണ മൂന്നു ലക്ഷം രൂപയും പിന്നീട് പല തവണയായി ലക്ഷങ്ങളും രൂപശ്രീക്ക് നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് മറ്റൊരു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അദ്ധ്യാപകനുമായി രൂപശ്രീക്ക് ബന്ധമുണ്ടെന്ന് വെങ്കിട്ടരമണ അറിഞ്ഞത്.

ഈ ബന്ധം ഒഴിവാക്കണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും രൂപശ്രീ പിന്മാറിയില്ല. അതോടെ ഇരുവരും അകലാന്‍ തുടങ്ങി. ഒരു തവണ അദ്ധ്യാപകന്‍ വാശിപിടിച്ചപ്പോള്‍ ”എന്നാല്‍ നിങ്ങള്‍ എന്നെ കല്യാണം കഴിക്കൂ” എന്ന് രൂപശ്രീ പറഞ്ഞു. എനിക്ക് കുടുംബം ഉള്ളതല്ലേ കല്യാണം കഴിക്കാന്‍ നിര്‍വാഹമില്ല എന്ന് വെങ്കിട്ടരമണ പറഞ്ഞു.

ജനുവരി 14-ന് വെങ്കിട്ട രമണ അവധിയെടുത്ത് ഡ്രൈവര്‍ നിരഞ്ജനെയും കൂട്ടി കര്‍ണാടകത്തില്‍ പൂജ നടത്താന്‍ പോയി. യാത്രയ്ക്കിടെ രൂപശ്രീയെ കുറിച്ച് വെങ്കിട്ടരമണ പറഞ്ഞു. അനുസരിക്കുന്നില്ലെങ്കില്‍ തട്ടിക്കളയാം എന്ന് നിരഞ്ജന്‍ പറഞ്ഞു. ഈ യാത്രയിലാണ് ഇരുവരും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്.

ജനുവരി 16- ന് രാവിലെ തിരിച്ചെത്തിയ വെങ്കിട്ടരമണ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് രൂപശ്രീയെ വിളിച്ചു. ഹൊസങ്കടി ടൗണില്‍ വച്ച് ഇരുവരും കണ്ടു. സ്‌കൂട്ടര്‍ വഴിവക്കില്‍ വെച്ച് രൂപശ്രീ വെങ്കിട്ടരമണയുടെ കാറില്‍ കയറി. വെങ്കിട്ട രമണയുടെ വീട്ടിലെത്തിയശേഷം ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് വെങ്കട്ട രമണയും നിരഞ്ജനും ചേര്‍ന്ന് രൂപശ്രീയെ ഡ്രമ്മിലെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു.

×