രൂപശ്രീയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ; ശേഷം സുഹൃത്തിന്റെ സഹായത്തോടെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നു ; പ്രതിയുടെ സ്വന്തം വാഹനത്തില്‍ മൃതദേഹം കയറ്റി കടലില്‍ തള്ളി ; മൊഴി ഇങ്ങനെ..

ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Friday, January 24, 2020

മഞ്ചേശ്വരം : അധ്യാപികയെ കടപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. രൂപശ്രീയെ മുക്കി കൊന്നതാണെന്നും സംഭവത്തിൽ സഹ പ്രവർത്തകനായ അധ്യാപകൻ വെങ്കിട്ട രമണ കാരന്തരയെ കസ്റ്റഡിയിലെടുത്തായും െപാലീസ് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് കുമ്പള കടപ്പുറത്ത് രൂപശ്രീയുടെ മൃതദേഹം കണ്ടത്.

മഞ്ചേശ്വരം ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ രൂപശ്രീയെ അതിക്രൂരമായാണു കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സഹപ്രവർത്തകനായ വെങ്കിട്ട രമണ ഇയാളുടെ വീട്ടിലേക്കു വിളിച്ചു വരുത്തി സുഹൃത്തിന്റെ സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിൽ സഹായിച്ച അധ്യാപകന്റെ സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തു. അധ്യാപികയെ വീട്ടിൽ വച്ച് ബക്കറ്റിലെ വെള്ളത്തിൽ മുക്കികൊന്ന ശേഷം പ്രതിയുടെ സ്വന്തം വാഹനത്തിൽ മൃതദേഹം കുമ്പള കടപ്പുറത്ത് ഉപേക്ഷിക്കുകയായിരുന്നു. പ്രതിയുടെ കാറിൽ നിന്ന് രൂപശ്രീയുടെ മുടിയിഴകൾ ഫൊറൻസിക് സംഘം കണ്ടെത്തി.

മരിച്ച അധ്യാപികയും പ്രതിയും തമ്മിൽ സൗഹൃദമുണ്ടായിരുന്നു. സമീപകാലത്ത് സൗഹൃദത്തിലുണ്ടായ വിള്ളലുകളും സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ തർക്കവുമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രാഥമിക വിവരം.

പ്രതിയെ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്. ജനുവരി 16ന് ആയിരുന്നു അധ്യാപികയുടെ മൃതദേഹം കുമ്പള കടപ്പുറത്ത് കണ്ടത്. രൂപശ്രീയുടെ മരണം കൊലപാതകമാണെന്നും കേസിൽ ഇപ്പോൾ അറസ്റ്റിലായ വെങ്കിട്ടര മണയ്ക്ക് പങ്കുണ്ടെന്നും രൂപശ്രീയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. പ്രതിയെ ഇന്നുതന്നെ കോടതിയിൽ ഹാജരാക്കാനാണ് പൊലീസിന്റെ തീരുമാനം.

×