Advertisment

ഭക്ഷ്യസുരക്ഷാ പരിശോധന: 780 ഭക്ഷണശാലകള്‍ പരിശോധിച്ചു; 305 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

New Update

തിരുവനന്തപുരം: ശബരിമല സീസണ്‍ പ്രമാണിച്ച്‌ ആര്‍ദ്രം ജനകീയ കാമ്ബയിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ രണ്ടാംഘട്ട പരിശോധനകള്‍ നടത്തി.

Advertisment

publive-imagepublive-image

നവംബര്‍ 28, 29, 30 ദിവസങ്ങളിലായി 780 സ്ഥാപനങ്ങള്‍ പരിശോധന നടത്തിയതില്‍ 305 സ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ പരിശോധന കര്‍ശനമാക്കിയത്.

രണ്ടാം ഘട്ടമെന്ന നിലയില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച്‌ നഗരങ്ങളിലെ ഹോട്ടലുകള്‍, ഭക്ഷണശാലകള്‍ എന്നിവിടങ്ങളില്‍ പരിശോധന ശക്തമാക്കുന്നതിനും ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച്‌ തീര്‍ത്ഥാടകര്‍ വിശ്രമിക്കുന്ന ഇടത്താവളങ്ങള്‍ കേന്ദ്രീകരിച്ചുളള ഹോട്ടലുകള്‍, വഴിയോര ഭക്ഷണശാലകള്‍ ഇവ കേന്ദ്രീകരിച്ച്‌ രാത്രികാല പരിശോധനകള്‍ നടത്തുന്നതിനും നിര്‍ദ്ദേശം നല്‍കിയിരുന്നു.

തിരുവനന്തപുരം 32 (നോട്ടീസ് നല്‍കിയത് 20), കൊല്ലം 38 (9), പത്തനംതിട്ട 25 (11), ആലപ്പുഴ 25 (11), കോട്ടയം 32 (8), ഇടുക്കി 34 (15), എറണാകുളം 211 (89), തൃശൂര്‍ 84 (21), പാലക്കാട് 68 (30), മലപ്പുറം 21 (5), കോഴിക്കോട് 32 (13), വയനാട് 33, കണ്ണൂര്‍ 92 (49), കാസര്‍ഗോഡ് 53 (24) എന്നിങ്ങനെയാണ് ജില്ലകളില്‍ പരിശോധന നടത്തിയത്.

ആര്‍ദ്രം ജനകീയ കാമ്ബയിന്റെ ഭാഗമായി ശബരിമല സീസണ്‍ പ്രമാണിച്ച്‌ 2 ഘട്ടങ്ങളായി സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1176 ഹോട്ടലുകള്‍, ഭക്ഷണശാലകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തിയിരുന്നു. ഇതില്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡം പാലിക്കാത്ത 451 സ്ഥാപനങ്ങള്‍ക്ക് നിയമാനുസൃത നോട്ടീസും നല്‍കിയിട്ടുണ്ട്. തുടര്‍ പരിശോധനകള്‍ നടത്തുന്നതിന് എല്ലാ ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

Advertisment