സ്വാമി വിവേകാനന്ദന്റെ 120 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍; വിമര്‍ശനവുമായി പ്രതിപക്ഷം

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Monday, June 1, 2020

ബെംഗളൂരു: സ്വാമി വിവേകാനന്ദന്റെ 120 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ പദ്ധതിയുമായി കര്‍ണാടക സര്‍ക്കാര്‍. മൂന്ന് ഏക്കര്‍ സ്ഥലത്താണ് പ്രതിമ സ്ഥാപിക്കാന്‍ പദ്ധതി.

ഇതിനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പ്രതിമയുടെ ചെലവ് ഇതുവരെ കണക്കാക്കിയിട്ടില്ല.

ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ജിഗാനിയിലെ മുത്യാല മഡുവ വെള്ളച്ചാട്ടത്തിന് സമീപം ബന്നര്‍ഗട്ട ദേശീയ പാര്‍ക്കിന് 10 കിലോമീറ്റര്‍ അകലെയാണ് പ്രതിമ സ്ഥാപിക്കുന്നത്.

ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്റ്റാച്യു ഓഫ് യൂണിറ്റി പോലെയുള്ള പ്രതിമയാണ് നിര്‍മ്മിക്കുന്നതെന്ന് കര്‍ണാടക ഭവന വികസന മന്ത്രി വി. സോമന്ന പറഞ്ഞു.

അതേസമയം, സര്‍ക്കാരിന്റെ പദ്ധതിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ രംഗത്തെത്തി. ഇത് പ്രതിമ പണിയാനുള്ള സമയമല്ലെന്നും സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ പരിഹരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

×