കേരളം

നർക്കോട്ടിക് ജിഹാദിന് പിന്നാലെ ഈഴവ വിഭാഗത്തിനെതിരെ വിവാദ ആരോപണവുമായി കത്തോലിക്കാ വൈദികൻ ! കത്തോലിക്കാ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ഈഴവരായ ചെറുപ്പക്കാർക്ക് പരിശീലനം കിട്ടുന്നുവെന്ന് ഫാ. റോയി കണ്ണഞ്ചിറ സിഎംഐ. കോട്ടയത്തെ ഒരു സിറോ മലബാർ ഇടവകയിൽ നിന്ന് ഒമ്പതു പെൺകുട്ടികളെ ഒരു മാസത്തിനിടെ തട്ടിക്കൊണ്ടുപോയത് ഈഴവർ ! ദീപിക ബാലസഖ്യത്തിൻ്റെ കൊച്ചേട്ടൻ കൂടിയായ വൈദീകൻ്റെ പ്രസംഗം ചങ്ങനാശേരിയിലെ മതാധ്യപകരോട്. കത്തോലിക്കാ പെൺകുട്ടികളെ പ്രണയിക്കുന്നവർ സഭയുടെ ശത്രുക്കളെന്നും വൈദികൻ

ന്യൂസ് ബ്യൂറോ, കോട്ടയം
Sunday, September 19, 2021

കോട്ടയം: നർകോട്ടിക് ജിഹാദിന് പിന്നാലെ കത്തോലിക്കാ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ഈഴവരായ ചെറുപ്പക്കാർക്ക് പരിശീലനം കിട്ടുന്നുവെന്ന ആരോപണവുമായി കത്തോലിക്കാ വൈദികൻ. സി എം ഐ സഭയിലെ മുതിർന്ന വൈദീകനും പ്രഭാഷകനുമായ ഫാ. റോയി കണ്ണഞ്ചിറ സിഎംഐയാണ് പുതിയ ആരോപണവുമായി രംഗത്തു വന്നത്.

കത്തോലിക്കാ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ഈഴവരായ ചെറുപ്പക്കാർക്ക് സ്ട്രാറ്റജിക്കായ പദ്ധതികൾ ആവിഷ്കരിച്ച് പരിശീലനം കൊടുക്കുന്നുണ്ടെന്നാണ് ദീ​പി​ക ബാ​ല​സ​ഖ്യം ഡ​യ​റ​ക്ടർ കൂടിയായ ഫാ. ​റോ​യി ക​ണ്ണൻ​ചി​റ സി​.എം​.ഐ. ആരോപിക്കുന്നത്. ഇന്നലെ വൈകീട്ട് ഏഴുമണിക്ക് ചങ്ങനാശേരി അതിരൂപതയ്ക്ക് കീഴിലെ സൺഡേ സ്കൂൾ അദ്ധ്യാപകർക്കായി നടത്തിയ പരിശീലന പരിപാടിയിലാണ് ഈഴവ ഗൂഢ പദ്ധതിയേക്കുറിച്ച് ഫാ. റോയി കണ്ണൻചിറ പറഞ്ഞത്.

കോട്ടയത്തെ ഒരു സിറോ മലബാർ ഇടവകയിൽ നിന്ന് ഒമ്പതു പെൺകുട്ടികളെ ഒരു മാസത്തിനിടെ തട്ടിക്കൊണ്ടുപോയത് ഈഴവരാണെന്നും ശത്രുക്കളുടെ മുന്നൊരുക്കത്തിന്റെ പത്തിലൊന്ന് പോലും നമുക്ക് ഒരുക്കാൻ കഴിയുന്നില്ലെന്നും ഫാദർ റോയി കണ്ണൻചിറ വേദപാഠ അദ്ധ്യാപകർക്ക് മുന്നറിയിപ്പ് കൊടുക്കുന്നുമുണ്ട്.

ഇതരമതത്തിലേക്ക് ക്രൈസ്തവരെ ആകർഷിക്കുവാൻ പല പദ്ധതികളും പലർക്കും ഉണ്ട്. പ്രണയിച്ചും അല്ലാതെയും നമ്മുടെ മക്കളെ തട്ടിക്കൊണ്ടുപോകാൻ ശത്രുക്കൾ ശ്രമിക്കുന്നുവെന്നും വൈദീകൻ ആരോപിക്കുന്നു.

മുമ്പ് കുറച്ചു വർഷങ്ങൾക്ക് മുൻ ഇടുക്കി രുപതാധ്യക്ഷൻ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ലൗ ജിഹാദിനൊപ്പം എസ് എൻ ഡി പിയുടെ യുടെ ഗൂഢ പദ്ധതി കൂടി നിലവിലുണ്ടെന്ന് ആരോപിച്ചിരുന്നു. കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ടായിരുന്നു മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ പ്രസംഗം.

അന്നതിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. അതിനു ശേഷം ഇതാദ്യമായാണ് ഒരു ആരോപണം ഉയരുന്നത്. സഭയിലെ തന്നെ മികച്ച പ്രഭാഷകരിലൊരാളാണ് ഫാ. റോയി കണ്ണഞ്ചിറ.

×