കേരളം

സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ്; ഓരോ നേതാക്കളുടെയും പ്രവർത്തനം വിലയിരുത്തി വിശദമായ സംഘടനാ ഓഡിറ്റിംഗ് വേണമെന്ന് ആവശ്യം

ന്യൂസ് ബ്യൂറോ, കൊച്ചി
Sunday, June 20, 2021

കൊച്ചി: സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ്. കൊച്ചിയിൽ നടക്കുന്ന ആർഎസ്എസ്- ബിജെപി നേതൃയോഗത്തിലാണ് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലടക്കം ഉണ്ടായ പാളിച്ചകളിൽ സംസ്ഥാനനേതൃത്വത്തിന് കാര്യമായ വീഴ്ച പറ്റിയെന്നും, അനാവശ്യവിവാദങ്ങളിൽച്ചെന്ന് വീണെന്നും വിമർശനമുയർന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏകോപനം അടക്കം പാളിയെന്നും നേതാക്കള്‍ ഗ്രൂപ്പിസത്തിന്റെ പിടിയിലാണെന്നും ആര്‍എസ്എസ് നേതൃത്വം വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് വേളയില്‍ കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉള്‍പ്പെടെ ജനങ്ങളില്‍ എത്തിക്കുന്ന തരത്തില്‍ ശക്തമായ പ്രചാരണം ബിജെപിക്ക് സംഘടിപ്പിക്കാനായില്ല.

സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട അനാവശ്യ തര്‍ക്കങ്ങളും വീഴ്ചകളും കോട്ടമുണ്ടാക്കി. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് അടിസ്ഥാന കാരണമായി പലഘട്ടങ്ങളിലും ഉയര്‍ന്നുവന്നത് നേതാക്കളുടെ വിഭഗീയതയാണെന്നും ആര്‍എസ്എസ് വിമര്‍ശിച്ചു. അതിനാല്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകാനാണ് നിര്‍ദേശം.

കാലങ്ങളായി ബിജെപിക്ക് തലവേദനയായ ഗ്രൂപ്പിസത്തിനെതിരെയും യോഗത്തിൽ കടുത്ത വിമർശനമാണുയർന്നത്. ഓരോ നേതാക്കളുടെയും പ്രവർത്തനം വിലയിരുത്തി വിശദമായ സംഘടനാ ഓഡിറ്റിംഗ് വേണമെന്ന സംഘപരിവാർ സംഘടനകളുടെ ആവശ്യവും യോഗം വിശദമായി ചർച്ച ചെയ്തു.

നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന സംവിധാനം രൂപീകരിക്കാനാണ് നീക്കം. സാമ്പത്തിക കാര്യങ്ങളിലും പരിശോധനാ സംവിധാനം ഉണ്ടായേക്കും. ബിജെപിയിലെ നിലവിലെ വിവാദങ്ങളിൽ സംഘ പരിവാർ സംഘടനകൾ, ആർഎസ്എസ് നേതൃത്വത്തെ അതൃപ്തി അറിയിച്ചിരുന്നു.

×