വയലാറില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം ;ആറ് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു

ന്യൂസ് ബ്യൂറോ, ആലപ്പുഴ
Thursday, February 25, 2021

ആലപ്പുഴ: വയലാറില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരും പിടിയിലായതായാണ് സൂചന.

വയലാര്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ തട്ടാംപറമ്ബില്‍ രാധാകൃഷ്ണന്‍റെ മകന്‍ നന്ദു കൃഷ്ണന്‍ (22) ആണ് ഇന്നലെ കൊല്ലപ്പെട്ടത്. ആലപ്പുഴ ജില്ലയില്‍ ഇന്ന് ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ്​ ഹര്‍ത്താല്‍ നടത്തുകയെന്ന്​ ബി.ജെ.പി ആലപ്പുഴ ജില്ല പ്രസിഡന്‍റ് എം.വി. ഗോപകുമാര്‍ അറിയിച്ചു.

ബുധനാഴ്ച രാത്രി എട്ടോടെ വയലാര്‍ നാഗംകുളങ്ങര കവലയിലാണ് ആര്‍.എസ്.എസ്, എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. ഉച്ചക്ക് എസ്.ഡി.പി.ഐ പ്രചരണ ജാഥക്കിടെ പ്രസംഗത്തിലെ പരാമര്‍ശങ്ങളുടെ പേരില്‍ ഇരുവിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന്‍റെ പേരില്‍ വൈകിട്ട് എസ്.ഡി.പി.ഐയും ആര്‍.എസ്.എസും പ്രതിഷേധ പ്രകടനവും നടത്തി.

സ്ഥലത്ത് ചേര്‍ത്തല പൊലീസ് കാവല്‍ ഉണ്ടായിരുന്നു. പ്രകടനങ്ങള്‍ക്കു ശേഷം പിരിഞ്ഞു പോയ പ്രവര്‍ത്തകര്‍ തമ്മില്‍ വീണ്ടും സംഘര്‍ഷമുണ്ടാകുകയായിരുന്നു. പൊലീസ് നോക്കി നില്‍ക്കെയാണ് സംഘര്‍ഷവും ആക്രമണവും.ഇരുവിഭാഗവും തമ്മില്‍ കല്ലേറും കൂട്ടത്തല്ലുമുണ്ടായി. സംഘര്‍ഷത്തിനിടെയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്.

×