കീവ്: യുക്രൈനിയൻ പൗരൻമാരിൽ ആര് ആയുധങ്ങൾ ചോദിച്ചാലും നൽകുമെന്ന് പ്രഖ്യാപിച്ച് യുക്രൈനിയൻ പ്രസിഡന്‍റ് വ്ലാദിമിർ സെലെൻസ്കി. നാസി ജർമനിയെപ്പോലെയാണ് റഷ്യ ആക്രമിച്ചതെന്ന് യുക്രൈനിയൻ പ്രസിഡന്‍റ് വ്ലാദിമിർ സെലെൻസ്കി ആഞ്ഞടിച്ചു.
/sathyam/media/post_attachments/ujhnvmYPepbp3ekBaeAD.jpg)
ഒരിക്കലും സ്വാതന്ത്ര്യം റഷ്യക്ക് മുന്നിൽ അടിയറ വയ്ക്കില്ല എന്നും എല്ലാ പൗരൻമാരോടും സമാധാനത്തോടെ, സുരക്ഷിതസ്ഥാനങ്ങളിൽ തുടരണമെന്നും സെലെൻസ്കി ആവശ്യപ്പെട്ടു. പുടിന്‍റെ യുദ്ധക്കൊതി അവസാനിപ്പിക്കാൻ റഷ്യക്കാർ ഒന്നടങ്കം ശബ്ദമുയർത്തണമെന്ന് സെലൻസ്കി ആവശ്യപ്പെടുന്നു.
50 റഷ്യൻ സൈനികരെ വധിച്ചുവെന്നാണ് യുക്രൈൻ സൈന്യം അവകാശപ്പെടുന്നത്. എന്നാൽ 40-ലധികം യുക്രൈൻ സൈനികരെ റഷ്യൻ സൈന്യം വധിച്ചുവെന്ന് ബിബിസി അടക്കമുള്ള മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.
യുക്രൈനിൽ ഏഴ് പൗരൻമാർ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. മരിയുപോളിൽ ഒരാളും ഒഡേസയിൽ ആറ് പേരും ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് യുക്രൈൻ പൊലീസ് അറിയിക്കുന്നത്.
നേരത്തേ എങ്ങനെ ആയുധങ്ങൾ ഉപയോഗിക്കണമെന്ന കാര്യത്തിൽ യുക്രൈൻ പൗരൻമാർക്ക് സൈന്യം പരിശീലനം നൽകുന്ന ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സൈനികശക്തിയായ റഷ്യയോട് ഏറ്റുമുട്ടാൻ യുക്രൈനെന്ന കുഞ്ഞുരാജ്യത്തിന് ഒരു തരത്തിലും കഴിയില്ല എന്നത് വ്യക്തമാണ്. അതിനാൽ ജനങ്ങളോട് തന്നെ സ്വന്തം നഗരങ്ങളും വീടുകളും സംരക്ഷിക്കൂ എന്നാണ് യുക്രൈനിയൻ പ്രസിഡന്‍റ് ആഹ്വാനം ചെയ്യുന്നത്.
''നിങ്ങളുടെ വീടുകളെയും നഗരങ്ങളെയും സംരക്ഷിക്കാൻ തയ്യാറാകുക. യുക്രൈൻ സ്വന്തം സ്വാതന്ത്ര്യം ആർക്കുമുന്നിലും അടിയറ വയ്ക്കില്ല. റഷ്യൻ ഫെഡറേഷൻ നമ്മളെ ആക്രമിച്ചത് രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി ജർമ്മനി ആക്രമണങ്ങൾ അഴിച്ചുവിട്ടത് പോലെയാണ്'', സെലെൻസ്കി പറഞ്ഞു.