ആശുപത്രിയുടെ മുകളില്‍ നിന്ന് ചാടിയത്‌ മൂന്ന് ഡോക്ടര്‍മാര്‍; രണ്ടു പേര്‍ മരിച്ചു; ഒരാള്‍ അതീവഗുരുതരാവസ്ഥയില്‍; റഷ്യയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നത് ഒട്ടും സുരക്ഷയില്ലാതെ; ഡോക്ടര്‍മാര്‍ അനുഭവിക്കുന്നത് കടുത്ത സമ്മര്‍ദ്ദം !

New Update

publive-image

മോസ്‌കോ: റഷ്യയില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ നിഗൂഢസാഹചര്യത്തില്‍ ആശുപത്രികളുടെ മുകളില്‍ നിന്ന് വീണത് മൂന്ന് ഡോക്ടര്‍മാര്‍. ഇവരില്‍ രണ്ടു പേര്‍ മരിച്ചു. ഒരാള്‍ അതീവഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

Advertisment

ഡോക്ടര്‍മാരുടെ മരണത്തോടെ റഷ്യയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നത് കടുത്ത സമ്മര്‍ദ്ദത്തിലാണെന്ന് വിമര്‍ശനമുയര്‍ന്നു.

ദക്ഷിണ മോസ്‌കോയിലെ വൊറൊണെസിലുള്ള അലക്‌സാണ്ടര്‍ ഷുലെപോവ് എന്ന ഡോക്ടറാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ശനിയാഴ്ച ഇദ്ദേഹം താന്‍ ജോലി ചെയ്തിരുന്ന നൊവൊസ്മാന്‍സ്‌കിയ ആശുപത്രിയുടെ രണ്ടാം നിലയില്‍ നിന്ന് താഴേക്കു ചാടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏപ്രില്‍ 22ന് ഷുലെപൊവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നിട്ടും അദ്ദേഹത്തെ ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചിരുന്നതായി ഷുലെപൊവിന്റെ സഹപ്രവര്‍ത്തകന്‍ അലക്‌സാണ്ടര്‍ കൊസ്യാകിന്‍ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ കൊസ്യാകിന്‍ പറഞ്ഞത് തെറ്റാണെന്നും കൊവിഡ് ബാധിതനായ ശേഷം ഷുലെപൊവ് ചികിത്സയിലായിരുന്നെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

മെയ് ഒന്നിന് ക്രസ്‌നോയാര്‍സ്‌കിലെ ഒരു ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന എലീന നെപൊം‌ന്യാഷ്ചയ എന്ന ഡോക്ടര്‍ ആശുപത്രിയുടെ മുകളില്‍ നിന്ന് വീണു മരിച്ചിരുന്നു.

ഇന്റന്‍സീവ് കെയറില്‍ ഒരാഴ്ച ജോലി ചെയ്തതിനു ശേഷമാണ് എലീന മരിച്ചത്. ഹെല്‍ത്ത് അധികൃതരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം എലീന ചാടി മരിക്കുയായിരുന്നുവെന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഏപ്രില്‍ 24ന് സ്റ്റാര്‍ സിറ്റിയിലെ ഒരു ആശുപത്രിയിലെ എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ് മേധാവിയായിരുന്ന നടാല്യ ലെബെഡെവയും ആശുപത്രിയില്‍ നിന്ന് ചാടി മരിച്ചിരുന്നു. ഇവരില്‍ കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisment