ന്യൂയോര്‍ക്ക് : റഷ്യന്‍ സൈനിക നടപടിയില്‍ യുക്രൈന് പിന്തുണയുമായി യു എസിലും കാനഡയിലുമുള്ള മദ്യഷോപ്പുകള്‍. റഷ്യന്‍ വോഡ്കകള്‍ വില്‍ക്കുന്നത് ഷോപ്പുകള്‍ നിര്‍ത്തി. റഷ്യയ്ക്ക് തങ്ങളുടെ പിന്തുണയില്ലെന്ന അറിയിപ്പ് നല്‍കിയാണ് അമേരിക്കയിലെ മിഷിഗണിലും കാന്‍സാസിലും കാനഡയുടെ വിവിധ ഭാഗങ്ങളിലുമുള്ള മദ്യഷോപ്പുകളില്‍ വോഡ്ക വില്‍പന നിര്‍ത്തിയത്.
/sathyam/media/post_attachments/ENQaRczJR9OiLtWGd253.jpg)
കാന്‍സാസില്‍ പ്രമുഖ മദ്യവിതരണക്കാരായ ജേക്കബ് ലിക്വര്‍ എക്സ്ചേഞ്ച് തങ്ങളുടെ സ്റ്റോറുകളില്‍ നിന്നെല്ലാം മുഴുവന്‍ റഷ്യന്‍ വോഡ്കകളും പിന്‍വലിച്ചിട്ടുണ്ട്. റഷ്യയുമായി ബന്ധമുള്ള എല്ലാ മദ്യ ഉല്‍പന്നങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പകരം കൂടുതല്‍ യുക്രൈന്‍ വോഡ്ക വില്‍പനയ്ക്കെത്തിക്കുമെന്നും ഇവര്‍ പറയുന്നു.
മിഷിഗണിലും സമാനമായ രീതിയില്‍ യുക്രൈന് ഐക്യദാര്‍ഢ്യവുമായി മദ്യവിതരണക്കാര്‍ രംഗത്തെത്തി. ഇനിമുതല്‍ റഷ്യന്‍ വോഡ്ക വില്‍ക്കില്ലെന്ന് സ്റ്റോര്‍ ഉടമകള്‍ സമൂഹ മാധ്യമങ്ങളിലടക്കം അറിയിച്ചു. സ്റ്റോറുകളില്‍ നിന്ന് നീക്കം ചെയ്ത റഷ്യന്‍ ബ്രാന്‍ഡുകളുടെ ചിത്രവും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.
കാനഡയിലും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള റീട്ടെയില്‍ മദ്യവില്‍പന കുത്തകകളാണ് വോഡ്ക അടക്കമുള്ള റഷ്യന്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത് നിര്‍ത്തിവച്ചത്. വില്‍പനകേന്ദ്രങ്ങളിലുള്ള റഷ്യന്‍ ഉല്‍പന്നങ്ങളെല്ലാം പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. ലോകത്തെ തന്നെ പ്രമുഖ മദ്യ റീട്ടെയില്‍ വിതരണക്കാരായ ഒന്റാരിയോ ലിക്വര്‍ കണ്‍ട്രോള്‍ ബോര്‍ഡിന് റഷ്യന്‍ വോഡ്കയുടെ വില്‍പന നിര്‍ത്തിവയ്ക്കാന്‍ ഭരണകൂടം നിര്‍ദേശം നല്‍കി.
യുക്രൈന്‍ ജനതയ്ക്കുനേരെയുള്ള റഷ്യന്‍ അതിക്രമത്തിനെതിരായ കനേഡിയന്‍ സഖ്യകക്ഷികളുടെ പ്രതിഷേധത്തോടൊപ്പം പങ്കുചേരുകയാണെന്ന് വോഡ്ക വിലക്ക് അറിയിച്ചു കൊണ്ടുള്ള വാര്‍ത്താകുറിപ്പില്‍ ഒന്റാരിയോ പ്രവിശ്യാ ധനമന്ത്രി പീറ്റര്‍ ബെത്ലെന്‍ഫാല്‍വി പറഞ്ഞു. കാനഡയിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രവിശ്യയാണ് ഒന്റാരിയോ. റഷ്യയ്ക്ക് മേല്‍ കൂടുതല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗം കൂടിയാണ് ഇത്.