തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ എസ്.രമേശൻ നായർ (73) അന്തരിച്ചു. കൊവിഡ് ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവാണ്. നൂറ്റന്‍പതോളം ചലച്ചിത്രങ്ങള്‍ക്ക് ഗാനരചന നിര്‍വഹിച്ചു. അറുന്നൂറിലധികം ചലച്ചിത്ര ഗാനങ്ങള്‍, ആയിരത്തിലധികം ഭക്തിഗാനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.
ഷഡാനനന്‍ തമ്പിയുടെയും പാര്‍വതിയമ്മയുടെയും മകനായി 1948 മേയ് മൂന്നിന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്താണ് ജനനം. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്ററായും ആകാശവാണിയില്‍ നിര്‍മ്മാതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എഴുത്തുകാരിയും റിട്ട. അധ്യാപികമായുമായ പി. രമയാണ് ഭാര്യ. ഏക മകന്‍ മനു രമേശന്‍ സംഗീത സംവിധായകനാണ്.
2010ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം, ആറാം വെണ്ണിക്കുളം സ്മാരക പുരസ്‌കാരം, ആശാന്‍ പുരസ്‌കാരം എന്നിവ രമേശന്‍ നായര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഗുരുപൗര്‍ണ്ണമി എന്ന കാവ്യസമാഹാരത്തിന് 2018-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
പത്താമുദയം, ഇടനിലങ്ങള്‍, ഹലോ മൈ ഡിയര്‍ റോങ് നമ്പര്‍, ശ്രീ നാരായണഗുരു, രാക്കുയിലിന്‍ രാഗസദസിന്‍, ധിം തരികിട തോം, അഭയം തേടി, അച്ചുവേട്ടന്റെ വീട്, എഴുതാന്‍ മറന്ന കഥ, വിചാരണ, ചരിത്രം, ഞങ്ങളുടെ കൊച്ചു ഡോക്ടര്‍, കുറുപ്പിന്റെ കണക്കുപുസ്തകം, ഗസല്‍, സുഖം സുഖകരം, വാര്‍ദ്ധക്യപുരാണം, ബോക്‌സര്‍, കര്‍മ, ആദ്യത്തെ കണ്‍മണി, പുതുക്കോട്ടയിലെ പുതുമണവാളന്‍, അനിയന്‍ ബാവ ചേട്ടന്‍ ബാവ, മാന്‍ ഓഫ് ദ മാച്ച്, സത്യഭാമയ്ത്ത് പ്രേമലേഖനം, കുടുംബക്കോടതി, സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്‍, ഏപ്രില്‍ 19, ദില്ലിവാല രാജകുമാരന്‍, കളിവീട്, ആയിരം നാവുള്ള അനന്തന്‍, അമ്മുവിന്റെ ആങ്ങളമാര്‍, സൗരയൂഥം, കല്ല്യാണപിറ്റേന്ന്, മന്ത്രമോതിരം, ഗുരു, അനിയത്തിപ്രാവ്, ദ കാര്‍, കഥാനായകന്‍, സൂപ്പര്‍മാന്‍, മായപ്പൊന്മാന്‍, പൂമരത്തണലില്‍, മയില്‍പ്പീലിക്കാവ്, മന്ത്രിക്കൊച്ചമ്മ, പഞ്ചാബി ഹൗസ്, വിസ്മയം, മീനാക്ഷിക്കല്യാണം, കുടുംബവാര്‍ത്തകള്‍, ശ്രീകൃഷ്ണപുരത്ത് നക്ഷത്രതിളക്കം, സൂര്യപുത്രന്‍, കൊട്ടാരംവീട്ടിലെ അപ്പൂട്ടന്‍, പ്രണയമഴ, ക്യാപ്റ്റന്‍, ചന്ദ്രനുദിക്കുന്ന ദിക്കില്‍, പ്രണയനിലാവ്, ആകാശഗംഗ, ഞങ്ങള്‍ സന്തുഷ്ടരാണ്, ഇന്‍ഡിപെന്‍ഡന്‍സ്, തെന്നാലി രാമന്‍, ദേവദാസി, സ്പര്‍ശം, ദ ഗാങ്, നാടന്‍ പെണ്ണും നാട്ടുപ്രമാണിയും, ദൈവത്തിന്റെ മകന്‍, ഡാര്‍ലിങ് ഡാര്‍ലിങ്, ദ വാറന്റ്, സമ്മര്‍ പാലസ്, ഇന്ദ്രിയം, സഹയാത്രികയ്ക്ക് സ്‌നേഹപൂര്‍വം, പ്രിയം, മേലെ വാര്യത്തെ മാലാഖക്കുട്ടികള്‍ തുടങ്ങിയ ചിത്രങ്ങളിലെ നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ രമേശന്‍ നായരുടെ തൂലികയില്‍നിന്ന് പിറവിയെടുത്തു.
1985-ല്‍ പുറത്തിറങ്ങിയ പത്താമുദയം എന്ന സിനിമയിലെ ഗാനങ്ങള്‍ രചിച്ചുകൊണ്ടാണ് മലയാളചലച്ചിത്ര രംഗത്തേക്കുള്ള രമേശന്‍ നായരുടെ പ്രവേശനം. പിന്നീട് നിരവധി സിനിമകള്‍ക്ക് ഗാനങ്ങളൊരുക്കി. ഹിന്ദു ഭക്തിഗാന രചനയിലും സജീവമായിരുന്നു. തിരുക്കുറല്‍, ചിലപ്പതികാരം എന്നിവയുടെ മലയാള വിവര്‍ത്തനവും നിര്‍വഹിച്ചിട്ടുണ്ട്.