ശബരിമല തീർത്ഥാടനത്തിന്റെ ആദ്യ ദിനം തന്നെ സർക്കാരിന് തിരിച്ചടി. എല്ലാവർക്കും ശബരിമലയിൽ പ്രവേശനമുണ്ടെന്ന് പോലീസിന് നിർദ്ദേശം നൽകിയ കൈപ്പുസ്തകം പിൻവലിച്ചു. യുവതീപ്രവേശന കേസ് കോടതിയുടെ പരിഗണനയിലെന്ന് ദേവസ്വം മന്ത്രി. തെറ്റായ നിർദ്ദേശം കടന്നുകൂടിയത് അന്വേഷിക്കുമെന്ന് എ.ഡി.ജി.പി അജിത്കുമാർ. ഒരിക്കൽ കൈപൊള്ളിയ യുവതീപ്രവേശനം വീണ്ടും ചർച്ചയാവുമ്പോൾ സർക്കാരിന് മുട്ടിടി

New Update

തിരുവനന്തപുരം: ശബരിമലയിൽ ദർശനത്തിന് എല്ലാവ‌ർക്കും പ്രവേശനമുണ്ടെന്ന് അച്ചടിച്ച് പോലീസുകാർക്ക് വിതരണം ചെയ്ത കൈപ്പുസ്തകം പ്രതിഷേധത്തെതുടർന്ന് പിൻവലിച്ച് തലയൂരി സർക്കാർ. യുവതീ പ്രവേശനം കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നും പോലീസിന് നൽകിയ നിർദ്ദേശം പിൻവലിക്കുകയാണെന്നും പിശക് പറ്റിയതാണെന്നും മന്ത്രി കെ.രാധാകൃഷ്ണൻ വ്യക്തമാക്കി.

Advertisment

publive-image


മുൻപുണ്ടായിരുന്ന രീതിയിൽ പ്രവേശനം തുടരുമെന്നും ഭക്തർക്ക് ആശങ്ക വേണ്ടെന്നും മന്ത്രി വ്യക്തമാക്കി. വിവാദ പുസ്തകം പൂർണമായി പിൻവലിച്ചെന്നും പുതിയത് അച്ചടിച്ച് ഇറക്കുമെന്നും പിശകുകൾ കടന്നു കൂടിയത് എങ്ങനെയെന്ന് അന്വേഷിക്കുമെന്നും ശബരിമലയുടെ ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത് കുമാറും പറഞ്ഞു.


ആചാര ലംഘനത്തിന് സർക്കാർ വീണ്ടും ശ്രമിക്കുന്നെന്ന് ആരോപിച്ച് ബി.ജെ.പി രംഗത്തെത്തിയതോടെയാണ് സർക്കാരും പോലീസും പുസ്തകം പിൻവലിച്ച് തടിതപ്പിയത്. സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്ത ആഭ്യന്തരവകുപ്പിന്റെ നിർദ്ദേശങ്ങൾ അടങ്ങുന്ന പുസ്തകത്തിലാണ് യുവതി പ്രവേശന വിധിയെ അനുകൂലിച്ചുള്ള പ്രസ്താവന.

ശബരിമല തീർത്ഥാടനത്തിന് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥന്മാർ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് പറഞ്ഞു കൊണ്ടാണ് നിർദ്ദേശങ്ങൾ ആഭ്യന്തരവകുപ്പ് നൽകുന്നത്. ‘ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ 28/09/2018 തീയതിയിലെ WP(C) 373/2016 വിധിന്യായപ്രകാരം എല്ലാ തീർത്ഥാടകർക്കും ശബരിമലയിലേയ്‌ക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളതാണ്’ എന്നാണ് ആഭ്യന്തരവകുപ്പ് പോലീസിന് നൽകുന്ന പ്രധാന നിർദ്ദേശം.

ശബരിമല യുവതി പ്രവേശന വിധി നിലവിൽ ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ പുന:പരിശോധനയിൽ ഇരിക്കുകയാണ്. യുവതി പ്രവേശന വിഷയത്തിൽ വിശാല ബഞ്ചിന്റെ വിധി വന്നശേഷം തീരുമാനമെടുക്കാം എന്നാണ് 2019 ഡിസംബർ 13-ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മൂന്നംഗ ബെഞ്ച് വ്യക്തമാക്കിയത്. ഇതിനിടയിലാണ് വീണ്ടും ആചാര ലംഘനങ്ങൾക്ക് ആഭ്യന്തര വകുപ്പ് വഴി തുറന്നു കൊടുക്കുന്നതെന്നാണ് ആക്ഷേപമുയർന്നത്.

publive-image


നിർദ്ദേശങ്ങൾ അടങ്ങിയ പുസ്തകം പുറത്തു വന്നതോടെ അയപ്പ ഭക്തരിൽ നിന്നും വലിയ പ്രതിഷേധമാണ് ഉയർന്നത്. ശബരിമലയിൽ വീണ്ടും ആചാരലംഘനത്തിന് വഴി തുറന്നു നൽകുന്ന ആഭ്യന്തരവകുപ്പിന്റെ നിർദ്ദേശത്തിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും രംഗത്തെത്തി.


സുപ്രീംകോടതി വിധി നിലനിൽക്കുന്നതിനാൽ എല്ലാവർക്കും ശബരിമലയിൽ പ്രവേശനമുണ്ടെന്നാണ് ആഭ്യന്തര വകുപ്പ് പോലീസിന് നൽകുന്ന നിർദ്ദേശം. വീണ്ടും ശബരിമല വിശ്വാസത്തെ തകർക്കാൻ ശ്രമിക്കുന്ന നിർദ്ദേശത്തിനെതിരെ ശക്തമായ താക്കീതാണ് കെ.സുരേന്ദ്രൻ നൽകിയിരിക്കുന്നത്. ഒരിക്കൽ വിശ്വാസികൾ സർക്കാരിനെ കൊണ്ട് തിരുത്തിച്ചതാണ്.

വീണ്ടും അവിവേകത്തിനാണ് വരുന്നതെങ്കിൽ പഴയതൊന്നും മറന്നിട്ടില്ലെന്ന് പിണറായി വിജയനെ ഓർമ്മിപ്പിക്കുന്നു എന്നാണ് ബിജെപി അദ്ധ്യക്ഷൻ മുന്നറിയിപ്പ് നൽകുന്നത്. കൈപുസ്‌കത്തിലെ നിർദ്ദേശങ്ങൾ ദുരുദ്ദേശപരമാണ്.

സർക്കാർ എന്തെങ്കിലും ഉദ്ദേശിച്ചാണ് നീങ്ങുന്നതെങ്കിൽ അത് മുളയിലെ നുള്ളിക്കളയുന്നതാണ് നല്ലത്. ശബരിമലയിൽ വീണ്ടും പ്രശ്‌നങ്ങൾ സൃഷ്ടിക്കാനും വിശ്വാസികളെ വേട്ടയാടാനുമാണ് നീക്കമെങ്കിൽ ശക്തമായി പ്രതികരിക്കും. ഒരിക്കൽ സർക്കാരിന് കൈ പൊള്ളിയ വിഷയമാണെന്നും സുരേന്ദ്രൻ പറഞ്ഞു

Advertisment