കൊച്ചി: ശബരിമല പ്രശ്നത്തില്‍ സർക്കാരിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ കഴിഞ്ഞ മണ്ഡലകാലത്ത് ഭക്തര്‍ക്കെതിരെ എടുത്ത മുഴുവന്‍ കേസുകളും പിന്‍വലിക്കണമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് പി.പി മുകുന്ദന്. 55,650 പേരാണ് കേസുകളില്‍ പ്രതികളായത്. മൂവായിരത്തിലധികം കേസുകളാണ് സംസ്ഥാനത്തുടനീളം രജിസ്റ്റര്‍ ചെ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശബരിമല കര്‍മ്മ സമിതി കണ്‍വീനര്‍ എസ്ജെആര്‍ കുമാര്‍, രക്ഷാധികാരി കെ.പി ശശികല എന്നിവര്‍ക്കെതിരെ മാത്രം 1100 കേസുകള്‍ ചുമത്തി. 2200 പേരെയാണ് ജയിലിലടച്ചത്. ഇതില്‍ 90 ദിവസം വരെ ജയിലില്‍ കിടന്നവരുമുണ്ട്. ജാമ്യത്തില്‍ ഇറങ്ങുന്നതിന് ഇതുവരെ 3.5 കോടി രൂപയാണ് കെട്ടിവച്ചതെന്നും മുകുന്ദന് പറഞ്ഞു.
40 ലക്ഷം രൂപ കെട്ടിവച്ചാണ് നിലയ്ക്കലില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ ജയില്‍ മോചിതരായത്. കേസില്പ്പെട്ടവരെല്ലാം ആചാര സംരക്ഷണത്തിനു വേണ്ടി ധര്‍മ്മ സമരം നടത്തിയവരാണ്.
ഇവരുടെ നിലപാട് ശരിയായിരുന്നെന്നാണ് കോടതിവിധിയിലൂടെ തെളിയിക്കപ്പെട്ടിരിക്കുന്നത്. ഈ മണ്ഡലകാലത്ത് യുവതികളെ പ്രവേശിപ്പിക്കേണ്ടെന്ന സർക്കാർ തീരുമാനം പ്രക്ഷോഭം നയിച്ചവരുടെ ധാര്‍മ്മിക വിജയമാണെന്നും മുകുന്ദന് ചൂണ്ടിക്കാട്ടി .