പുണ്യ ഹറമുകൾ കൊറോണ കാലത്ത്: നാല് മാസങ്ങൾക്കിടെ 22 ലക്ഷം ഉംറ തീർത്ഥാടകർ; നിസ്കാരത്തിന് 63 ലക്ഷം വിശ്വാസികളും; എങ്കിലും വ്യാധി മുക്തം

New Update

മക്ക: പുനരാരംഭിച്ച വിശുദ്ധ ഉംറ, സിയാറത്ത്, ഹറം ശരീഫ് പള്ളികളിലെ നിസ്കാരം എന്നിവയ്ക്ക് എത്തുന്നവരുടെയും അവരെ സേവിക്കുന്നവരുടെയും ആരോഗ്യ പരിരക്ഷ യ്ക്കായി ആസൂത്രിതവും പഴുത്തില്ലാത്തതുമായ ക്രമീകരണങ്ങളും മുൻകരുതലുകളുമാണ് സൗദി ഭരണകൂടം ഏർപ്പെടുത്തിയിട്ടുള്ളത്. മാസങ്ങൾ നീണ്ട അടച്ചിടലിന് ശേഷം തിരു അനുഷ്ഠാനങ്ങൾ കഴിഞ്ഞ ഒക്ടോബറിൽ പുനരാരംഭിച്ചത് മുതൽ ഇതുവരെയായി ദശലക്ഷങ്ങളാണ് ഉംറയ്‌ക്കും ഹറമിലെ നിസ്കാരങ്ങൾക്കുമായി എത്തി കൊണ്ടിരിക്കുന്നത്. എങ്കിലും, കൊറോണാ ബാധ തീര്ഥാടകരിൽ നിന്ന് റിപ്പോർട്ട് ഇല്ലെന്നത് സൗദി അധികൃതരുടെ മികവിന്റെ ഉത്തമ ദൃഷ്ടാന്തമായി വിലയിരുത്തപ്പെടുകയാണ്.

Advertisment

publive-image

തിങ്കളാഴ്ച പുറത്തു വിട്ട സ്ഥിതിവിവര കണക്ക് പ്രകാരം ഒക്ടോബർ നാല് മുതൽ ഇതുവരെയായി സ്വദേശികളും വിദേശങ്ങളിൽ നിന്നെത്തിയവരുമായ 2.214.000 തീർത്ഥാടകരാണ് വിശുദ്ധ ഉംറ കർമം അനുഷ്ഠിച്ചത്. 6.320.000 വിശ്വാസികൾ ഹറമുകളിലെ നിസ്കാരങ്ങളിലും പങ്കെടുത്തു. ഇരു ഹറം ഭരണസമിതിയാണ് കണക്കുകൾ പ്രസിദ്ധീകരിച്ചത്. അതോടൊപ്പം, കഴിഞ്ഞ വര്ഷം അരങ്ങേറിയ വ്യത്യസ്തമായ ഹജ്ജ് തീർത്ഥാടനത്തിലെ വൈറസ് പ്രതിരോധ നടപടികളും അവയുടെ സമ്പൂർണ വിജയവും അന്താരാഷ്ട്ര തലത്തിൽ സൗദി അറേബ്യയുടെ വൈദഗ്ദ്യം കുറച്ചൊന്നുമല്ല അനാവരണം ചെയ്തത്.

സൗദി അറേബ്യയുടെ മഹാമാരി കൈകാര്യം ചെയ്ത വൈഭവം തീർത്ഥാടന വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബന്ദൻ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയുണ്ടായി. മക്കയിലെ ഉമ്മുൽ ഖുറാ സർവകലാശാല സംഘടിപ്പിച്ച ഒരു സമ്മേളനത്തിൽ സംസാരിക്കവേ കൊറോണാ വ്യാപനത്തിന്റെ ആദ്യത്തിൽ പുണ്യ നഗരങ്ങളിൽ കുടുങ്ങിപ്പോയ ലക്ഷക്കണക്കിന് തീർത്ഥാടകരെ അവരുടെ സ്വദേശങ്ങളിൽ സുരക്ഷിതരായി സൗദി അറേബ്യ എത്തിച്ച കാര്യം മന്ത്രി വിവരിച്ചു.

2020 തുടക്കത്തിൽ സൗദിയിൽ കൊറോണാ വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ട വേളയിൽ മക്കയിലും മദീനയിലും ഉണ്ടായിരുന്ന ഏഴു ലക്ഷം ഉംറ തീർഥാടകരെയാണ് അവരുടെ സ്വദേശങ്ങളിലേയ്ക്ക് സുരക്ഷിതമായി തിരിചെത്തിച്ചത്. ഇരുപതാമത് സയൻറിഫിക് ഫോറം ഫോർ ഹജ്ജ്, ഉംറ ആൻഡ് വിസിറ്റ് റിസർച് സമ്മേളനത്തിൽ 'കൊറോണാ മഹാമാരിയെ കൈകാര്യം ചെയ്യുന്നതിൽ സൗദിയുടെ വിജയഗാഥയും ഹജ്ജ്, ഉംറ യാത്രകളിലുണ്ടായ സ്വാധീനവും' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ഹജ്ജ് - ഉംറ വകുപ്പ് മന്ത്രി.

അനുബന്ധമായ മറ്റൊരു പ്രസ്താവനയിൽ, പുണ്യ നഗരങ്ങൾ, പുണ്യ കർമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കൊറോണാ വാർത്തകൾ വസ്തുനിഷ്ഠമായി ആഗോള തലങ്ങളിൽ എത്തിച്ചു കൊണ്ടിരുന്ന മാധ്യമ പ്രവർത്തകരെ ഇരുഹറം ഭരണസമിതി അധ്യക്ഷൻ ശൈഖ്‌ ഡോ. അബ്ദുൽ റഹ്‌മാൻ അബ്ദുൽ അസീസ് അൽസുദൈസ് പ്രകീർത്തിച്ചു.

Advertisment