‘സര്‍ക്കാര്‍ ജോലിയുണ്ടല്ലോ പിന്നെന്താ കുഴപ്പം?’; സാജന്‍ സൂര്യയ്ക്ക് വിമര്‍ശനങ്ങള്‍, അച്ഛന്റെ മരണത്തെ കുറിച്ച് വെളിപ്പെടുത്തി താരം

ഫിലിം ഡസ്ക്
Wednesday, March 17, 2021

കഴിഞ്ഞ ദിവസം നടന്‍ സാജന്‍ സൂര്യ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് വൈറലായിരുന്നു. ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ജീവിതനൗക എന്ന സീരിയലിലെ കഥാപാത്രം അനുഭവിക്കുന്നത് ഒക്കെ തന്റെ യഥാര്‍ത്ഥ ജീവിതത്തിലും സംഭവിച്ചതാണ് എന്നാണ് സാജന്‍ സൂര്യ പറഞ്ഞത്. ജനിച്ചു വളര്‍ന്ന വീട് വേദനയോടെ വിട്ടു പോരേണ്ടി വന്നതിനെ കുറിച്ചായിരുന്നു താരത്തിന്റെ ഹൃദയം തൊടുന്ന കുറിപ്പ്.

കുറിപ്പ് വൈറലായതോടെ വിമര്‍ശനങ്ങളും എത്തി. വിമര്‍ശിക്കുന്നവര്‍ എന്താണ് താന്‍ എഴുതിയത് കൃത്യമായി വായിക്കാത്തതും മനസിലാക്കത്തതും എന്ന് ചോദിക്കുകയാണ് സൗജന്‍ സൂര്യ ഇപ്പോള്‍. ഇവനൊക്കെ ധൂര്‍ത്തടിച്ചിട്ടാണ് ഇങ്ങനെയായത്, ഇതൊക്കെ ചുമ്മാ പറയുന്നതാണ്, സര്‍ക്കാര്‍ ജോലിയുണ്ടല്ലോ പിന്നെന്താ കുഴപ്പം എന്നൊക്കെയാണ് പലരും ചോദിക്കുന്നത്.

അവരാരും എന്താണ് താന്‍ എഴുതിയിരിക്കുന്നതെന്നു കൃത്യമായി വായിക്കാതെയും മനസ്സിലാക്കാതെയുമാണ് വിമര്‍ശിക്കുന്നത് എന്നാണ് സാജന്‍ പറയുന്നത്. സെക്രട്ടറിയേറ്റില്‍ ജോലി ഉണ്ടായിരുന്ന അച്ഛന്‍ സര്‍വീസിലിരിക്കെയാണ് മരിച്ചത്. അല്‍ഷിമേര്‍സ് ആയിരുന്നു.

ബംഗ്ലൂരുവില്‍ കൊണ്ടു പോയി സര്‍ജറി ഒക്കെ നടത്തി. ലണ്ടനില്‍ നിന്നും ഒന്നര ലക്ഷത്തോളം വില വരുന്ന മരുന്ന് വരുത്തിച്ചു. 90 ശതമാനം സ്വത്തുക്കളും ചികിത്സയ്ക്കായി വിറ്റു. ബാക്കി വന്നതില്‍ അഞ്ചു ശതമാനം നാടക കമ്പനിക്കു വേണ്ടി താനും കടത്തിലാക്കി. പലതും വിറ്റു. കുറച്ച് പണയം വച്ചു.

ഒടുവില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റില്ലെന്നായപ്പോഴാണ് ജനിച്ചു വളര്‍ന്ന വീട് വിറ്റ് കടങ്ങളെല്ലാം വീട്ടിയത്. അവശേഷിച്ച സ്വത്ത് ആ കിടപ്പാടം മാത്രമായിരുന്നു. ആ അനുഭവത്തെക്കുറിച്ചാണ് ഫെയ്‌സ്ബുക്കില്‍ എഴുതിയിരിക്കുന്നത് എന്നാണ് സാജന്‍ പറയുന്നത്.

×