ഐസിയുവില്‍ കിടക്കുന്ന ശ്വാസം കിട്ടാതെ പിടയുന്നവന്റെ വായില്‍ ഗോമൂത്രം ഒഴിച്ച് കൊടുക്കുന്ന  സാഹചര്യം; ശവങ്ങള്‍ കൂട്ടിക്കത്തിക്കുകയും വഴിയില്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം; മക്കള്‍ക്ക് വേണ്ടി അച്ഛനമ്മമാരും അച്ഛനമ്മമാര്‍ക്ക് വേണ്ടി മക്കളും ഭാര്യക്ക് വേണ്ടി ഭര്‍ത്താവും ഭര്‍ത്താവിനു വേണ്ടി ഭാര്യയും ചികില്‍സക്കും ഓക്‌സിജനും വേണ്ടി നിലവിളിക്കുന്നു.”; സിദ്ധാര്‍ത്ഥിനെ പോലുള്ള അപൂര്‍വ്വം മനുഷ്യര്‍ വിലപിക്കുന്നു. പൊട്ടിത്തെറിക്കുന്നു. 90 ശതമാനം കലാകാരന്മാരും നട്ടെല്ല് വളച്ച് ഏമാനേ എന്ന് പറഞ്ഞ് ഭയന്നിരിക്കുന്നു; ഒരു ജനത നിലവിളിക്കുമ്പോ രാജാവ് നഗ്‌നനാണെന്ന് പറയാന്‍ നാവ് പൊന്താത്തവന്‍ എന്ത് കലാകാരനാണു? സിദ്ധാര്‍ത്ഥിന് പിന്തുണയുമായി സലാം ബാപ്പു

author-image
ഫിലിം ഡസ്ക്
New Update

ചെന്നൈ: കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് വാക്‌സിന്‍ നയം, ഓക്‌സിജന്‍ ലഭ്യത കുറവ് വിഷയങ്ങളില്‍ പ്രതികരിച്ച നടന്‍ സിദ്ധാര്‍ത്ഥിന് പിന്തുണ പ്രഖ്യാപിച്ച് സംവിധായകന്‍ സലാം ബാപ്പു.

Advertisment

publive-image

സലാം ബാപ്പു പറയുന്നത് ഇങ്ങനെ

”പ്രിയ സിദ്ധാര്‍ഥ് നിങ്ങള്‍ തന്നെയാണ് യഥാര്‍ത്ഥ ഹീറോ!
പദവികള്‍ക്കും അംഗീകാരങ്ങള്‍ക്കും വേണ്ടി ഭരണ വര്‍ഗ്ഗത്തിന് മുന്നില്‍ നട്ടെല്ല് വളച്ച്, മുട്ടിലിഴയുന്ന ഇവിടത്തെ കലാകാരന്മാര്‍ക്കിടയില്‍ നിങ്ങള്‍ വ്യത്യസ്തനാണ് സിദ്ധാര്‍ഥ്, കുറ്റകരമായ മൗനം തുടരുന്ന സെലിബ്രിറ്റികള്‍ക്കിടയില്‍ നിങ്ങളെപ്പോലുള്ളവര്‍ വേറിട്ട് നില്‍ക്കുന്നു.

മഹാമാരിയില്‍ മരണം കയ്യില്‍ പിടിച്ച് പ്രാണവായുവിനായി കേഴുന്ന കോടിക്കണക്കിനായ മനുഷ്യകുലത്തിനെതിരെ അധികാരത്തിന്റെ ഗര്‍വ്വുപയോഗിച്ച് അടിച്ചമര്‍ത്തുന്ന ഭരണ വര്‍ഗ്ഗത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ നിങ്ങള്‍ കാണിച്ച ധൈര്യത്തിന് എന്റെ സല്യൂട്ട്.”

”സ്വന്തം കഴിവുകേട് മറച്ചു പൗരന്മാരുടെ സ്വത്തും ജീവനും അപഹരിക്കുന്ന ജനദ്രോഹ ഗവര്‌മെന്റിനെതിരെ നിങ്ങള്‍ ഉയര്‍ത്തുന്ന ശബ്ദം തീര്‍ച്ചയായും അധികാരി വര്‍ഗ്ഗത്തെയും അവരുടെ പിന്നണികളെയും അലോസരപ്പെടുത്തും അത് തന്നെയാണ് നിങ്ങള്‍ക്കെതിരായ ഭീഷണിയിലൂടെ കാണാന്‍ കഴിയുന്നത്, നേതാക്കളുടെ ഏത് നെറികേടിനെയും ന്യായീകരിക്കാന്‍ വരുന്ന അണികള്‍ തന്നെയാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശാപം.

പട്ടികള്‍ ഇനിയും കുരച്ചു കൊണ്ടിരിക്കും എന്നാല്‍ അതിലൊന്നും ഭയപ്പെടുന്നവനല്ല നിങ്ങളെന്നറിയാം… ആ ചങ്കുറപ്പ് ഞങ്ങള്‍ക്ക് ബോദ്ധ്യമുണ്ട്. ഈ പോരാട്ടത്തില്‍ പ്രിയ സിദ്ധാര്‍ഥ് നിങ്ങള്‍ ഒറ്റക്കല്ല, എല്ലാ പിന്തുണയുമുണ്ട്. കാരണം കലാകാരന്മാരുടെ ഭീതിപ്പെടുത്തുന്ന മൗനം ഭഞ്ജിച്ചത് നിങ്ങളാണ്, അത് പതിയെ ആണെങ്കില്‍ പോലും ആളിപ്പടരാതിരിക്കില്ല.”

”രാജ്യം ഇപ്പോള്‍ കടന്ന് പോകുന്ന സാഹചര്യം അത്യന്തം ഭീതിജനകമാണു. പൊതുവെ ഭരണകൂട താല്‍പര്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു എന്ന ആരോപണം നേരിടുന്ന സുപ്രീം കോടതിയില്‍ നിന്ന് പോലും ഭരകൂടങ്ങളെ രൂക്ഷമായി വിമര്‍ശിക്കപ്പെടുന്ന സാഹചര്യം വന്നിരിക്കുന്നു.

ഒരു ജനാധിപത്യ സംവിധാനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ടതാണെന്ന് പോലും മറന്ന് മോഡിയും യോഗിയും അടക്കമുള്ളവര്‍ അധികാരത്തിന്റെ ലഹരിയില്‍ കാണിച്ച് കൂട്ടുന്നത് എന്തൊക്കെയാണ്?

ഓക്‌സിജന്‍ ചോദിച്ചവര്‍ക്കും ഓക്‌സിജന്‍ ആവശ്യപ്പെട്ട ആശുപത്രികള്‍ക്കുമെതിരെ കേസും നടപടിയും. സോഷ്യല്‍ മീഡിയകളിലും മാധ്യമങ്ങളിലും ചോദ്യം ചെയ്യുന്നവര്‍ക്ക് നേരെ ഭീഷണിയും അടിച്ചമര്‍ത്തലും. റ്റ്വിറ്ററും ഫെയിസ്ബുക്കും പോലും നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു, നിയന്ത്രിക്കുകയും ചെയ്യുന്നു.”

”ഒരു രാജ്യം നയിക്കപ്പെടേണ്ടത് ഇങ്ങനെയാണോ? മനുഷ്യന്‍ ശ്വാസം കിട്ടാതെ പിടയുമ്പോള്‍ ഓക്‌സിജനും വാക്‌സിനേഷനും കച്ചവടമാക്കുക എന്ന് പറഞ്ഞാല്‍ എത്ര അപകടകരമായ സാഹചര്യമാണത്. പോളിയോ, വസുരി തുടങ്ങി പന്നിപ്പനി, കോളറ, മലേറിയ, ഡെങ്കി തുടങ്ങിയ വിവിധ രോഗങ്ങളും പല പകര്‍ച്ച വ്യാധികളും രാജ്യത്ത് പടര്‍ന്ന് പിടിച്ചിട്ടുണ്ട്.

അതിനെതിരെ രാജ്യം ശാസ്ത്രീയമായ നടപടികളിലൂടെ പരിഹാരം കണ്ടു. സൗജന്യ പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കുകയും രോഗങ്ങള്‍ നിയന്ത്രിക്കുകയോ നിര്‍മ്മാര്‍ജ്ജനം ചെയ്യുകയോ ചെയ്തിട്ടുണ്ട്.

എന്നാല്‍ ഇവിടെ ഐസിയുവില്‍ കിടക്കുന്ന ശ്വാസം കിട്ടാതെ പിടയുന്നവന്റെ വായില്‍ ഗോമൂത്രം ഒഴിച്ച് കൊടുക്കുന്ന സാഹചര്യമാണു. വര്‍ഗ്ഗീയത മാത്രമാണു ഞങ്ങള്‍ മുന്നോട്ട് വച്ചത്. അത് ഞങ്ങള്‍ ഭംഗിയായി ചെയ്യുന്നില്ലേ? ജനക്ഷേമം ഞങ്ങള്‍ പറഞ്ഞില്ലല്ലോ എന്ന മട്ടിലാണു പ്രതികരണങ്ങള്‍.

ഡല്‍ഹിയിലേയും യുപിയിലേയും അടക്കം ഇന്ത്യാ രാജ്യത്ത് ശവങ്ങള്‍ കൂട്ടിക്കത്തിക്കുകയും വഴിയില്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം. ആമ്പുലന്‍സുകള്‍ പോലും ഇല്ലാത്ത സാഹചര്യം. മക്കള്‍ക്ക് വേണ്ടി അച്ഛനമ്മമാരും അച്ഛനമ്മമാര്‍ക്ക് വേണ്ടി മക്കളും ഭാര്യക്ക് വേണ്ടി ഭര്‍ത്താവും ഭര്‍ത്താവിനു വേണ്ടി ഭാര്യയും ചികില്‍സക്കും ഓക്‌സിജനും വേണ്ടി നിലവിളിക്കുന്നു.”

”അധികാരത്തിന്റെ ഭ്രാന്തില്‍ ചെവിയില്‍ ഈയം ഉരുക്കി ഒഴിച്ചവരെ പോലെ ഈ നിലവിളികള്‍ കേള്‍ക്കാന്‍ നില്‍ക്കാതെ അവര്‍ പ്രതികരിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നു. സിദ്ധാര്‍ത്ഥിനെ പോലുള്ള അപൂര്‍വ്വം മനുഷ്യര്‍ വിലപിക്കുന്നു. പൊട്ടിത്തെറിക്കുന്നു. 90 ശതമാനം കലാകാരന്മാരും നട്ടെല്ല് വളച്ച് ഏമാനേ എന്ന് പറഞ്ഞ് ഭയന്നിരിക്കുന്നു.

ഒരു ജനത നിലവിളിക്കുമ്പോ രാജാവ് നഗ്‌നനാണെന്ന് പറയാന്‍ നാവ് പൊന്താത്തവന്‍ എന്ത് കലാകാരനാണു? നേതാക്കളുടേയും പാര്‍ട്ടിയുടേയും ഏത് നെറികേടിനും കൂട്ട് നില്‍ക്കുന്ന അടിമകളായ അണിയളുടെ നിലവാരത്തിലാണൊ ഒരു കലാകാരന്‍ നില്‍ക്കേണ്ടത്?

ഇപ്പോള്‍ ഏറ്റവും കുറഞ്ഞത് നടന്‍ സിദ്ധാര്‍ത്ഥിനൊപ്പം നില്‍ക്കുക എന്നതെങ്കിലും ചെയ്യുന്നില്ലെങ്കില്‍ ചരിത്രത്തില്‍ പുഴുക്കള്‍ക്ക് സമാനമാകും ഈ കലാകാരന്മാരുടെയൊക്കെ സ്ഥാനം. ഭാസ്‌കര പട്ടേലിനു കീഴിലെ അടിമയായ തൊമ്മിയെ പോലെയുള്ള ജീവിതം കലാകാരന്മാര്‍ക്ക് നല്ലതല്ല എന്ന് തന്നെയാണു എന്റെ വിശ്വാസം… സിദ്ധാര്‍ത്ഥിനൊപ്പം… വിലപിക്കുന്ന മനുഷ്യ ജന്മങ്ങള്‍ക്കൊപ്പം….”

salam bappu
Advertisment