വീണ്ടും യാചിക്കുന്നു...പ്രവാസികളെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ എന്തായി, മറ്റൊരു രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന നിസഹായരായ മനുഷ്യരുടെ കാര്യമാണിത്, എങ്ങനെയെങ്കിലും ഞങ്ങളുടെ സഹോദരങ്ങളെ നാട്ടിലെത്തിക്കൂ...മുഖ്യമന്ത്രിയോട് സലാം വാളഞ്ചേരി അഭ്യര്‍ത്ഥിക്കുന്നു

New Update

സ്വന്തം നാട്ടിലേക്ക് തിരികെവരാന്‍ ആഗ്രഹമുണ്ടെങ്കിലും സ്വന്തം നിലയ്ക്ക് അത് സാധ്യമല്ലാത്തതിനാല്‍ സര്‍ക്കാരിന്റെ കരുണയ്ക്കായി കാത്തിരിക്കുകയാണ് ഓരോ പ്രവാസിയും. ഈ സാഹചര്യത്തില്‍ എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ സലാം വാളഞ്ചേരി എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. എങ്ങനെയെങ്കിലും പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന് ഇദ്ദേഹം മുഖ്യമന്ത്രിയോട്‌ ആവശ്യപ്പെടുന്നു.

Advertisment

publive-image

സലാം വാളഞ്ചേരിയുടെ കുറിപ്പിലേക്ക്...

വീണ്ടും യാചിക്കുന്നു...

പ്രവാസികളുടെ വിഷയത്തിൽ മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്തിന്‌ മറുപടി വന്നോ...? പ്രവാസികളെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടികൾ എന്തായി...? ഇപ്പോഴും പ്രധാനമന്ത്രിയുടെ മറുപടിക്കത്ത് കാത്ത്‌ നിൽക്കുക തന്നെയാണോ....? ബന്ദിപ്പൂർ വനത്തിലൂടെ രാത്രികാലത്ത് വാഹന ഗതാഗതം നടത്തുന്നത്‌ സംബന്ധിച്ചല്ല പ്രധാമന്ത്രിക്ക്‌ കത്തയച്ചത്‌ എന്ന് മുഖ്യമന്ത്രി ഓർക്കണം.

അതായത്‌, മറുപടി വരുമ്പോൾ വരട്ടേ എന്ന് കരുതി കാത്തിരിക്കേണ്ട വിഷയമല്ലിത്‌. മറ്റൊരു രാജ്യത്ത്‌ കുടുങ്ങിക്കിടക്കുന്ന നിസ്സഹായരായ മനുഷ്യരുടെ കാര്യമാണ്‌. അവരെ അടിയന്തിരമായി നാട്ടിലെത്തിക്കാനുള്ള കാര്യമാണ്‌. ഇക്കണ്ട കാലം മുഴുവൻ അവരുടെ ആനുകൂല്യം പറ്റിയതിന്റെ നന്ദിയൊന്നും വേണമെന്നില്ല.
മനുഷ്യർ എന്ന സാമാന്യമായ പരിഗണന മതി.

ചാനലുകളിൽ വന്നിരുന്ന് വലിയ വായിൽ ബഡായി പറയലല്ല അവർക്കിപ്പോൾ വേണ്ടത്‌. അത്‌ കേൾക്കാനുള്ള മാനസികാവസ്ഥയിലല്ല അവരും അവരെക്കുറിച്ചോർത്ത്‌ ആധിയിൽ കഴിയുന്ന നാട്ടുലുള്ളവരും. സമ്മർദ്ദം ചെലുത്തണം മിസ്റ്റർ മുഖ്യമന്ത്രീ. ലോക കേരളസഭയിൽ കൊണ്ടുവന്ന് സ്വീകരിച്ചാദരിച്ചവരോട്‌ ഇടപെടാൻ നിർദ്ദേശിക്കണം.

"മുറ്റത്ത്‌ ഉണക്കാനിട്ട തുണിത്തരങ്ങൾ മഴ നനയുന്ന നില വരരുത്‌" എന്ന് തുടങ്ങി, അത്ര നിസ്സാരമായ സംഗതികൾ പോലും കൃത്യമായി എല്ലാ ദിവസവും 6 മണിക്ക്‌ ഉദ്ബോധിപ്പിക്കുന്ന ആളാണല്ലോ അങ്ങ്‌. ഇടപെടണം മുഖ്യമന്ത്രീ.
ഇടപെടീപ്പിക്കണം സാർ. ഓരോ നിമിഷവും പ്രധാനമാണ്‌.

ഈ നാട്‌ മുഴുവൻ പ്രവാസികളെ സ്വീകരിക്കാൻ തയ്യാറെടുത്ത്‌ കഴിഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുഴുവൻ അവർക്കായി തുറന്ന് വെച്ചിരിക്കുകയാണ്‌. അവരുടെ ഭക്ഷണമോ മറ്റു ചിലവുകളോ ഒന്നും സർക്കാറിനെക്കൊണ്ട്‌ ചെയ്യിക്കില്ല. ഏറ്റെടുക്കാൻ ഒരു നാടുണ്ട്‌. എങ്ങനെയെങ്കിലും ഞങ്ങളുടെ സഹോദരങ്ങളെ ഒന്ന് നാട്ടിലെത്തിച്ചു തരൂ.....
#പ്രവാസികൾക്കൊപ്പം

salam valancherry
Advertisment