ആഗസ്റ്റ് ഒന്ന് മുതല്‍ ഇനി ആളുകള്‍ക്ക് പെന്‍ഷന്‍, വേതനം, ഇഎംഐ എന്നിവയ്ക്കായി ബാങ്കിന്റെ പ്രവര്‍ത്തി ദിവസം വരെ കാത്തിരിക്കേണ്ട; ബാങ്കിങ് ഇടപാടുകളില്‍ നിരവധി മാറ്റങ്ങളുമായി റിസര്‍വ് ബാങ്ക്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, July 31, 2021

ന്യൂഡല്‍ഹി: ആഗസ്റ്റ് ഒന്ന് മുതല്‍ ഇനി ആളുകള്‍ക്ക് പെന്‍ഷന്‍, വേതനം, ഇഎംഐ എന്നിവയ്ക്കായി ബാങ്കിന്റെ പ്രവര്‍ത്തി ദിവസം വരെ കാത്തിരിക്കേണ്ട. ഇതടക്കം ബാങ്കിങ് ഇടപാടുകളുമായി ബന്ധപ്പെട്ട് നിരവധി മാറ്റങ്ങള്‍ക്കാണ് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരിക്കുന്നത്.

എടിഎം നിരക്കുകളില്‍ മാറ്റം

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന്റെ ചാര്‍ജ് 15 രൂപയില്‍ നിന്ന് 17 രൂപയായി ഉയര്‍ത്തിയിരിക്കുകയാണ്. ഈ നിരക്കുകള്‍ നാളെ മുതല്‍ നിലവില്‍ വരും. എടിഎമ്മുകള്‍ സൂക്ഷിക്കുന്നതിനുള്ള ചെലവ് വര്‍ധിച്ച സാഹചര്യത്തിലാണ് ബാങ്കുകളുടെ ആവശ്യം ആര്‍ബിഐ പരിഗണിച്ചത്.

സാലറി, പെന്‍ഷന്‍, ഇഎംഐ

ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന കാരണത്താല്‍ നിങ്ങളുടെ സാലറിയും പെന്‍ഷനും ഇഎംഐയും മുടങ്ങുന്നത് ഇനി പഴങ്കഥകളാവും. നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട നിബന്ധനകളില്‍ ആര്‍ബിഐ വരുത്തിയ മാറ്റം നാളെ മുതല്‍ നിലവില്‍ വരും. പുതിയ സാഹചര്യത്തില്‍ ഞായറാഴ്ചയും പൊതു അവധി ദിവസവും വരെ ഇത്തരം ഇടപാടുകള്‍ നടത്താനാവും.

ഇന്ത്യ പോസ്റ്റിലും മാറ്റം

ആഗസ്റ്റ് ഒന്ന് മുതല്‍ വീടുവീടാന്തരം കയറിയിറങ്ങി ഇന്ത്യാ പോസ്റ്റ് പേമെന്റ്‌സ് ബാങ്ക് നല്‍കി വരുന്ന സേവനങ്ങള്‍ക്ക് നിരക്ക് ഈടാക്കും. 20 രൂപയും ജിഎസ്ടിയുമാണ് നല്‍കേണ്ടത്. ഓരോ തവണ ഡോര്‍ സ്‌റ്റെപ് ഡെലിവറി സേവനം ഉപയോഗിക്കുമ്പോഴും ഈ നിരക്ക് നല്‍കണം. പോസ്റ്റ്മാന്‍, ഗ്രാമീണ്‍ ദക് സേവകുമാരെയുമാണ് ഇതിനായി ഇന്ത്യാ പോസ്റ്റ് നിയമിക്കുന്നത്. ഇത്തരം ഇടപാടുകള്‍ക്ക് പരിധിയില്ല.

×