കരമന ആറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ; ഭർത്താവിനെതിരെ കേസ്

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, November 19, 2019

ആര്യനാട് :  മേലേച്ചിറ വിഷ്ണുനിവാസിൽ ശാലു(24)വിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്നു ബന്ധുക്കൾ. ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിലും ശാലുവിന്റെ സഹോദരൻ എ.നിധീഷ് നൽകിയ പരാതിയെ തുടർന്നും ഭർത്താവ് പുളിമൂട് പ്രശാന്ത് ഭവനിൽ പ്രശാന്തിനെതിരെ പൊലീസ് കേസെടുത്തു. സ്ത്രീധന പീഡന മരണം വകുപ്പ് ചുമത്തിയാണ് കേസെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈഎസ്‌പി സ്റ്റുവർട്ട് കീലർ പറഞ്ഞു.

ശാലുവിനെ കഴിഞ്ഞ 30ന് രാത്രിയാണ്‌ ഏലിയാവൂർ പാലത്തിൽ നിന്നു കാണാതായത്. ചെരിപ്പും സഞ്ചരിച്ച സ്കൂട്ടറും പാലത്തിനു സമീപത്തുണ്ടായിരുന്നു. വാഹനത്തിൽ നിന്ന് ആത്മഹത്യ കുറിപ്പ് ലഭിച്ചു. സ്കൂബ ടീം നടത്തിയ തിരച്ചിലിൽ മൂന്നാം ദിവസം കരമന ആറ്റിൽ നിന്ന് മൃതദേഹം കിട്ടി.

ഭർത്താവും ബന്ധുവും ചേർന്ന് സ്ത്രീധനം ആവശ്യപ്പെട്ട് ശാലുവിനെ നിരന്തരം ഉപദ്രവിക്കുമായിരുന്നെന്ന് നിധീഷ് ഡിവൈഎസ്‌പിക്ക് നൽകിയ പരാതിയിൽ പറയുന്നു. അതേസമയം പ്രശാന്ത് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്.

×