ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം ജനസംഖ്യാടിസ്ഥാനത്തിലാക്കി മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എതിര്‍പ്പുമായി മുസ്ലിം സംഘടനകള്‍. തീരുമാനം സച്ചാര്‍ സമിതി റിപ്പോര്‍ട്ടിനെ അട്ടിമറിക്കുന്നതാണെന്ന് കാന്തപുരവും സമസ്തയും സംവരണ സമിതിയും ആരോപിച്ചു

New Update

publive-image

കോഴിക്കോട്: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം ജനസംഖ്യാടിസ്ഥാനത്തിലാക്കി മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എതിര്‍പ്പുമായി മുസ്ലിം സംഘടനകള്‍. തീരുമാനം സച്ചാര്‍ സമിതി റിപ്പോര്‍ട്ടിനെ അട്ടിമറിക്കുന്നതാണെന്ന് കാന്തപുരവും സമസ്തയും സംവരണ സമിതിയും ആരോപിച്ചു.

Advertisment

സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഭാവിനീക്കങ്ങള്‍ ആലോചിക്കാന്‍ സമസ്ത സംവരണ സമിതി യോഗം ഇന്ന് ചേരും. മുസ്ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കൊണ്ടുവന്ന സച്ചാര്‍ സമിതി റിപ്പോര്‍ട്ടിനെ അട്ടിമറിക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്നാണ് മുസ്ലിം സംഘടനകളുടെ നിലപാട്.

പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ മുന്നാക്കക്കാര്‍ക്ക് അനധികൃതമായി നല്‍കുന്നത് ഭരണഘടനാ ലംഘനമാണ്. തൊഴില്‍ മേഖലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതിലുമൊന്നും ജനസംഖ്യ നോക്കുന്നില്ല. സച്ചാര്‍ സമിതി ആനുകൂല്യങ്ങളില്‍ മാത്രം ജനസംഖ്യ അടിസ്ഥാനമാക്കുന്നത് നീതികേടാണെന്ന് സമസ്ത സംവരണ സമിതി ആരോപിച്ചു.

'മുസ്ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ തയ്യാറാക്കിയ സച്ചാര്‍ സമിതി റിപ്പോര്‍ട്ട് പൂര്‍ണ്ണമായും അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. സച്ചാര്‍ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനം മുസ്ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥയാണ്. പിന്നോക്കാവകാശങ്ങള്‍ മുന്നോക്കക്കാര്‍ക്ക് അനധികൃതമായി നല്‍കുന്നത് ഭരണഘടനാ ലംഘനമാണ്.

തൊഴില്‍ വിദ്യാഭ്യാസ മേഖലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളനുവദിക്കുന്നതിലുമൊന്നും ജനസംഖ്യാ പ്രാതിനിധ്യം പരിഗണിക്കാതിരിക്കുകയും മുസ്ലിം പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ രൂപം നല്‍കിയ സച്ചാര്‍ സമിതി ആനുകൂല്യങ്ങളില്‍ മാത്രം ജനസംഖ്യാ പ്രാതിനിധ്യം കൊണ്ടുവരികയും ചെയ്യുന്നത് നീതികേടാണ്."- സമസ്ത സംവരണ സമിതി അഭിപ്രായപ്പെട്ടു.

80-20 അനുപാതം റദ്ദാക്കി ഹൈക്കോടതി വിധിവന്ന സാഹചര്യത്തില്‍ സച്ചാര്‍ സമിതി റിപ്പോര്‍ട്ടില്‍ മുഴുവന്‍ ആനുകൂല്യങ്ങളും മുസ്ലിം സമുദായത്തിന് ലഭിക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്നായിരുന്നു സമസ്ത നിലപാട്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഭാവി കാര്യങ്ങള്‍ ആലോചിക്കാന്‍ സമസ്ത സംവരണ സമിതി ഇന്ന് യോഗം ചേരുന്നുണ്ട്. തീരുമാനത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് സമസ്തയുടെ നീക്കം.

NEWS
Advertisment