Advertisment

സമരങ്ങളെ ആര്‍.എസ്.എസിന് ഒറ്റിക്കൊടുക്കുന്നു: മുല്ലപ്പള്ളിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി സമസ്ത മുഖപത്രം

New Update

കോഴിക്കോട്: പൗരത്വബില്ലിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ എതിര്‍ത്ത കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സമസ്ത മുഖപത്രത്തില്‍ രൂക്ഷ വിമര്‍ശനം. ചുവരുണ്ടെങ്കിലെ ചിത്രം വരയ്ക്കാനാകൂവെന്ന തലക്കെട്ടോടെ സമസ്ത മുഖപത്രമായ സുപ്രഭാതത്തിലെ എഡിറ്റോറിയലിലാണ് മുല്ലപ്പള്ളിയെ പേരെടുത്ത് പറയാതെ വിമര്‍ശിക്കുന്നത്. ഇത്തരക്കാര്‍ പൗരത്വബില്ലിനെതിരെയുള്ള സമരത്തെ ആര്‍.എസ്.എസിന് ഒറ്റിക്കൊടുക്കാന്‍ ശ്രമിക്കുന്നവരാണെന്നും എഡിറ്റോറിയല്‍ വിമര്‍ശിക്കുന്നു.

Advertisment

publive-image

' ഒറ്റക്കെട്ടായി കേരള നിയമസഭ പാസാക്കിയ പ്രമേയവും ദേശീയ മാധ്യമങ്ങളില്‍ കൊടുത്ത പരസ്യവും കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പിടിച്ചിട്ടില്ല. എല്‍.ഡി.എഫ് സര്‍ക്കാര്‍ നേട്ടം കൊയ്യുമോ എന്നതാണ് അവരുടെ ഭയം. ദേശീയതലത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെ തീവ്രതയിലേക്ക് വെള്ളമൊഴിക്കാന്‍ നടക്കുന്ന സ്വാര്‍ഥന്മാരായ പ്രാദേശിക നേതാക്കള്‍ ജാജ്വല്യമായിത്തീരുന്ന ഒരു സമരത്തെ ആര്‍.എസ്.എസിനെ ഒറ്റിക്കൊടുക്കാന്‍ നടക്കുന്നവരാണ് എന്ന് പറയാതെ വയ്യ. ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്ന നിസംഗ മനോഭാവം നാസി ജര്‍മനിയില്‍ അഡോള്‍ഫ് ഹിറ്റ്ലര്‍ ഓരോ നിയമവും പാസാക്കിയെടുത്തപ്പോള്‍ അവിടുത്തെ പ്രതിപക്ഷ കക്ഷികള്‍ കാണിച്ചതിന് സമാനമാണ്' - സുപ്രഭാതം എഡിറ്റോറിയലില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം മലപ്പുറത്ത് പതിനായിരങ്ങള്‍ പങ്കെടുത്ത മനുഷ്യമതിലും കോഴിക്കോട്ട് ഭരണഘടനാ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന റാലിയും ശ്രദ്ധേയങ്ങളായ രണ്ട് പ്രതിഷേധ സമരങ്ങളായിരുന്നു. മലപ്പുറത്ത് ഹൈദരലി ശിഹാബ് തങ്ങളുടെ തൊട്ടരികില്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ എ.പി അനില്‍കുമാറായിരുന്നു.

കോഴിക്കോട്ടെ ഭരണഘടനാ സംരക്ഷണ റാലി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തപ്പോള്‍ ചടങ്ങില്‍ അധ്യക്ഷനായത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരായിരുന്നു.

രാജ്യം അതിനിര്‍ണായകവും സ്തോഭജനകവുമായ ഒരവസ്ഥയിലൂടെ കടന്ന്പോകുമ്പോള്‍ കൊടിയുടെ നിറവും ഭംഗിയും നോക്കി പ്രതിഷേധിക്കേണ്ട സമയമല്ല ഇത് എന്ന സമസ്തയുടെ ആഹ്വാനമാണ് ഇവിടെ സഫലമാകുന്നത്. എഡിറ്റോറിയല്‍ വ്യക്തമാക്കുന്നു.

Advertisment