ആര്യന്‍ഖാന്‍ പ്രതിയായ ലഹരിമരുന്ന് കേസ് പുതിയ വഴിത്തിരിവില്‍; സമീര്‍ വാങ്കഡെ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് എതിരെ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ വിജിലിന്‍സ് അന്വേഷണം പ്രഖ്യാപിച്ചു; തന്റെ മരിച്ചുപോയ അമ്മയെയും അവരുടെ മതവുമെല്ലാം ഇതിലേക്ക് വലിച്ചിഴക്കുന്നത് എന്തിനാണെന്ന് വാങ്കഡെ

New Update

മുംബൈ: ആര്യന്‍ഖാന്‍ പ്രതിയായ ലഹരിമരുന്ന് കേസ് പുതിയ വഴിത്തിരിവില്‍. 25കോടിയുടെ കൈക്കൂലി ആരോപണം ഉയര്‍ന്നതിന് പിന്നാലെ സമീര്‍ വാങ്കഡെ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് എതിരെ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ വിജിലിന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. എന്‍സിബി ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ജ്ഞാനേശ്വര്‍ സിങ്ങാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുക.

Advertisment

publive-image

ലഹരിമരുന്ന് കേസില്‍ പ്രതിയായ ആര്യന്‍ ഖാനെ വിട്ടയക്കാനായി കേസിലെ സാക്ഷിയായ കെ പി ഗോസാവിയും എന്‍സിബി ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡെയും പണം കൈപ്പറ്റിയെന്നായിരുന്നു പ്രഭാകര്‍ സെയില്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞത്.

സാം ഡിസൂസ എന്നയാളുമായി കോടികളുടെ ഇടപാടാണ് ഗോസാവി നടത്തിയതെന്നും ഇതില്‍ എട്ട് കോടി സമീര്‍ വാങ്കഡെയ്ക്ക് നല്‍കിയെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ആകെ 25 കോടി രൂപയുടെ പണമിടപാട് നടന്നിട്ടുണ്ടെന്നും കേസിലെ സാക്ഷിയാക്കിയ തന്നില്‍നിന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ വെള്ളപേപ്പറുകളില്‍ ഒപ്പിട്ട് വാങ്ങിയെന്നും പ്രഭാകര്‍ ആരോപിച്ചിരുന്നു. ഗോസാവി ഷാറൂഖിന്റെ മാനേജറുമായി കൂടിക്കാഴ്ച നടത്തിയത് താന്‍ കണ്ടെന്നും സെയ്‌ലി പറഞ്ഞു.

വാങ്കഡെയ്ക്ക് എതിരെ കടുത്ത ആരോപണവുമായി മഹാരാഷ്ട്ര എന്‍സിപി മന്ത്രി നവാബ് മാലിക്കും രംഗത്തെത്തി. സമീര്‍ വാങ്കഡെ മുസ്ലിം ആണെന്നും അത് മറച്ചുവെച്ചെന്നും മാലിക് ആരോപിച്ചു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ സംവരണം ലഭിക്കുന്നതിനായി സര്‍ട്ടിഫിക്കറ്റ് തിരുത്തുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.

ഇതിന് പിന്നാലെ മാലിക്കിനെതിരെ വാങ്കഡെ രംഗത്തെത്തി. നിലവാരമില്ലാത്ത ആരോപണമാണ് നവാബ് മാലിക് തനിക്കെതിരെ ഉയര്‍ത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മയക്കുമരുന്ന് കേസുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണിവ. തന്റെ മരിച്ചുപോയ അമ്മയെയും അവരുടെ മതവുമെല്ലാം ഇതിലേക്ക് വലിച്ചിഴക്കുന്നത് എന്തിനാണെന്നും വാങ്കഡെ ചോദിച്ചു.

ഇക്കാര്യങ്ങളില്‍ സംശയമുള്ളവര്‍ക്ക് തന്റെ ജന്മനാട്ടില്‍ പോയി കാര്യങ്ങള്‍ അന്വേഷിക്കാവുന്നതാണ്. അതല്ലാതെ ഇത്തരം മലിനമായ ആരോപണങ്ങള്‍ ആരും പ്രചരിപ്പിക്കരുത്. ഇത്തരം നീക്കങ്ങളെ നിയമപരമായി നേരിടാനാണ് തീരുമാനമെന്നും വാങ്കഡെ വ്യക്തമാക്കി.

sameer vankade
Advertisment