സന്ദേശ് ജിങ്കന്‍ ബ്ലാസ്‌റ്റേഴ്‌സ് വിടുന്നു ?

സ്പോര്‍ട്സ് ഡസ്ക്
Tuesday, May 19, 2020

മുംബൈ: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധനിരയിലെ മിന്നും താരം സന്ദേശ് ജിങ്കന്‍ ബ്ലാസ്‌റ്റേഴ്‌സ് വിടുന്നതായി റിപ്പോര്‍ട്ട്. പ്രമുഖ സ്‌പോര്‍ട്‌സ് വാര്‍ത്താ പോര്‍ട്ടലായ ഗോള്‍.കോം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഐഎസ്എല്ലില്‍ തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് ജിങ്കന്‍. ആദ്യ സീസണില്‍ തന്നെ എമര്‍ജിങ് കളിക്കാരനുള്ള പുരസ്‌കാരം നേടിയ ജിങ്കന്‍ പിന്നീട് ദേശീയ ടീമിലെ നിര്‍ണായക സാന്നിദ്ധ്യവുമായി.

ജിങ്കന്‍ വിദേശത്തേക്ക് ട്രയല്‍സിന് പോകുമെന്നാണ് റിപ്പോര്‍ട്ട്. ഐഎസ്എല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഒപ്പമുള്ള താരമാണ് ജിങ്കന്‍. 2023 വരെ ബ്ലാസ്‌റ്റേഴ്‌സുമായി കരാറുണ്ടെന്നിരിക്കെയാണ് താരം അപ്രതീക്ഷിതമായി ക്ലബ് വിടുന്നതായി വാര്‍ത്തകള്‍ വരുന്നത്.

പരിക്കിന്റെ പിടിയിലായതിനാല്‍ കഴിഞ്ഞ വര്‍ഷം ജിങ്കന് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിക്കാന്‍ സാധിച്ചിരുന്നില്ല. ബാക്കി എല്ലാ സീസണുകളിലും ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ബൂട്ടണിഞ്ഞ ഏക താരമാണ് ജിങ്കന്‍.

സാമ്പത്തിക പ്രതിസന്ധി മൂലം കളിക്കാരോട് ബ്ലാസ്‌റ്റേഴ്‌സ് വേതനം കുറയ്ക്കാന്‍ ആവശ്യപ്പെട്ടതായും ഇതാണ് ജിങ്കന്‍ ബ്ലാസ്റ്റേഴ്‌സ് വിടാന്‍ കാരണമെന്നും റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ താരമോ ക്ലബോ ഐഎസ്എലോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

×