ഒത്തുകളി ആരോപണം: ഡിസിൽവയ്ക്ക് പിന്നാലെ സം​ഗക്കാരയേയും മാരത്തോൺ ചോദ്യം ചെയ്യൽ

സ്പോര്‍ട്സ് ഡസ്ക്
Saturday, July 4, 2020

2011ലെ ഏകദിന ലോകകപ്പില്‍ ഒത്തുകളി നടന്നെന്ന മുൻ കായികമന്ത്രി മഹിന്ദാനന്ദയുടെ ആരോപണത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാർ അന്വേഷണം ആരംഭിച്ചു. ആ ലോകകപ്പ് വേളയില്‍ മഹിന്ദാനന്ദയായിരുന്നു ശ്രീലങ്കയുടെ കായികമന്ത്രി. നേരത്തെയും ശ്രീലങ്കയ്‌ക്കെതിരെ ഒത്തുകളി ആരോപണം ഉയര്‍ന്നിരുന്നതിനാല്‍ ഇത്തവണ അന്വേഷണിക്കാന്‍ തന്നെയാണ് തീരുമാനം.

ലോകകപ്പില്‍ ലങ്കയുടെ നായകനായിരുന്ന മുന്‍ താരം കുമാര്‍ സം​ഗക്കാരയെ കഴിഞ്ഞ ദിവസം എട്ടു മണിക്കൂറോളം അന്വേഷണസംഘം ചോദ്യം ചെയ്തു. കായിക മന്ത്രാലയത്തിന്റെ പോലീസ് യൂനിറ്റില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. ഇതേ തുടര്‍ന്നു ശ്രീലങ്കയില്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. കായിക മന്ത്രാലയത്തിനു പുറത്തായിരുന്ന പ്രതിഷേധക്കാര്‍ അണിനിരന്നത്.

കുമാര്‍ സം​ഗക്കാരയെയും മറ്റു ക്രിക്കറ്റര്‍മാരെയും അടിസ്ഥാനരഹിതമായ ഒത്തുകളി ആരോപരണത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിക്കുന്നതിനെതിരേയാണ് തങ്ങളുടെ പ്രതിഷേധമെന്നു സമാഗി ജന ബാലവെഗായ പാര്‍ട്ടിയുടെ യൂത്ത് വിങ് പ്രതികരിച്ചു. കുമാര്‍ സം​ഗക്കാരയെയും നമ്മുടെ 2011ലെ ക്രിക്കറ്റ് ഹീറോസിനെയും നിരന്തരം പീഡിപ്പിക്കുന്നത് എതിര്‍ക്കപ്പെടേണ്ടതാണ്. സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ലെന്നും പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി സജിത് പ്രേമദാസ ട്വിറ്ററില്‍ കുറിച്ചു

മത്സരം ഇന്ത്യയ്ക്കുവേണ്ടി വില്‍ക്കുകയായിരുന്നു എന്നാണ് മുന്‍ കായിക മന്ത്രി ഒരു അഭിമുഖത്തില്‍ ആരോപിച്ചത്. നമുക്ക് ജയിക്കാവുന്ന മത്സരമായിരുന്നു അത്. എന്നാല്‍, ശ്രീലങ്ക തോറ്റു കൊടുക്കുയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഫൈനലില്‍ ചില ഗ്രൂപ്പ് താരങ്ങള്‍ തീര്‍ച്ചയായും ഒത്തുകളിയില്‍ പങ്കാളികളായിട്ടുണ്ട്.

അല്ലായിരുന്നെങ്കില്‍ ശ്രീലങ്കയായിരുന്നു ലോക ചാംപ്യന്‍മാര്‍ ആവേണ്ടത്. ലോകകപ്പ് ഫൈനലില്‍ ഒത്തുകളി നടന്നിട്ടുണ്ട് എന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ രാജ്യത്തെയോര്‍ത്ത് പുറത്തുവിടാന്‍ സാധിക്കില്ലെന്നായിരുന്നു മഹിന്ദാനന്ദ അലുത്ഗമകെയുടെ വാദം.

×