Advertisment

കൊലയാളി സംഘം മാന്തിയെടുത്ത മണ്ണിന്റെ ശേഷിക്കുന്ന ഭാഗത്ത് സംഗീതിന് അന്ത്യവിശ്രമം ; കണ്ണില്ലാത്ത ക്രൂരതയ്ക്ക് ഇരയായി അതെ മണ്ണില്‍ തന്നെ എരിഞ്ഞമര്‍ന്ന് സംഗീത് ; പ്രിയതമന്റെ ചേതനയറ്റ ശരീരം കണ്ട് ആര്‍ത്തലച്ച് സംഗീത.. ; മകന്റെ മുഖത്ത് അവസാനമായി കൈവച്ച് ‘അടുത്ത ജന്മമെങ്കിലും നല്ലജീവിതം ലഭിക്കണേ’യെന്ന് കരഞ്ഞ് പ്രാർഥിച്ച് അമ്മയും

New Update

കാട്ടാക്കട :  അക്രമി സംഘം മാന്തിയെടുത്ത മണ്ണിന്റെ ശേഷിക്കുന്ന ഭാഗത്തായിരുന്നു കീഴാറൂർ കാഞ്ഞിരംവിള ശ്രീമംഗലം വീട്ടിൽ സംഗീതിന്റെ(36) അന്ത്യവിശ്രമം. സ്വന്തം ഭൂമിയിലെ മണ്ണ് കവർന്നെടുക്കുന്നത് തടയാനെത്തിയപ്പോഴാണ് സംഗീതിനെ മണ്ണുമാന്തിയുടെ യന്ത്രക്കൈ കൊണ്ട് അക്രമികൾ ഇടിച്ച് കൊലപ്പെടുത്തിയത്. കണ്ണില്ലാത്ത ക്രൂരതയ്ക്ക് ഇരയായി അതേ മണ്ണിൽ തന്നെ എരിഞ്ഞമരുകയായിരുന്നു ആ യുവാവ്.

Advertisment

publive-image

രാത്രി തങ്ങളുടെ കൺമുന്നിൽ നടന്ന അക്രമത്തിനും ഭാര്യ പലവട്ടം ഫോണിൽ കരഞ്ഞു പറഞ്ഞിട്ടും എത്താത്ത പൊലീസിന്റെ നിസ്സംഗതയ്ക്കും സാക്ഷിയായ ജനക്കൂട്ടം നിസ്സഹായതയും രോഷവും ഉള്ളിലടക്കി സംഗീതിന് യാത്രാമൊഴി നൽകി.

പ്രിയതമന്റെ ചേതനയറ്റ ശരീരത്തിലേക്ക് വീണ ഭാര്യ സംഗീതയെ ആശ്വസിപ്പിക്കാനോ അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാനോ കഴിയാതെ ജനവും ബന്ധുക്കളും മരവിച്ചു നിന്നു. ബന്ധുവിന്റെ ഒക്കത്തിരുന്നെത്തിയ മക്കളായ ഒന്നാം ക്ലാസുകാരൻ ശ്രീ ഹരിക്കും രണ്ടുവയസുകാരിയായ ഇളയമകൾ സങ്കീർത്തനയ്ക്കും അച്ഛൻ ഇനി തിരിച്ചുവരില്ലെന്ന തിരിച്ചറിവുണ്ടായിരുന്നില്ല.

ആൾക്കൂട്ടത്തിന്റെ തിരക്കിലും അമ്മയടക്കമുള്ളവരുടെ കൂട്ടക്കരച്ചിലിലും അവർ പകച്ചു. മകന്റെ മുഖത്ത് അവസാനമായി കൈവച്ച് ‘അടുത്ത ജന്മമെങ്കിലും നല്ലജീവിതം ലഭിക്കണേ’യെന്ന് കരഞ്ഞ് പ്രാർഥിച്ച അമ്മയും നെഞ്ച് പിളർത്തുന്ന കാഴ്ചയായി. രാവിലെ തുടങ്ങിയ സംസ്കാരച്ചടങ്ങുകൾ പന്ത്രണ്ടു മണിവരെ നീണ്ടു. അതേ മണ്ണിലേക്ക് അഗ്നി സംഗീതിനെ ഏറ്റു വാങ്ങി സമർപ്പിക്കും വരെ.

 

Advertisment