അടുത്ത എംഎസ് ധോണിയാകുമെന്ന് താന്‍ സഞ്ജു സാംസണിനോട് പറഞ്ഞിരുന്നുവെന്ന് ശശി തരൂര്‍; ‘അടുത്ത ആരുമാകേണ്ടതില്ല’, സഞ്ജു ഇന്ത്യന്‍ ക്രിക്കറ്റിന്റെ സഞ്ജു സാംസണാകുമെന്ന് ഗൗതം ഗംഭീര്‍

സ്പോര്‍ട്സ് ഡസ്ക്
Monday, September 28, 2020

വശ്യത്തിന് അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കില്‍ എപ്പോഴേ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അവിഭാജ്യഘടകമായി മലയാളി താരം സഞ്ജു സാംസണ്‍ മാറിയേനെ. വിരളിലെണ്ണാവുന്ന അവസരങ്ങള്‍ മാത്രമാണ് സഞ്ജുവിന് നീലക്കുപ്പായത്തില്‍ ലഭിച്ചത്.

തന്റെ പലപ്പോഴായി അവഗണിച്ച സെലക്ടര്‍മാര്‍ക്കും പതിനഞ്ചംഗ ടീമില്‍ അവസരം ലഭിച്ചിട്ടും അവസാന പതിനൊന്നില്‍ ഉള്‍പ്പെടുത്താത്തവര്‍ക്കും മറുപടിയെന്നോണമാണ് ഈ പ്രതിഭ ഇത്തവണത്തെ ഐപിഎല്ലില്‍ തുടരെ നേടിയത് രണ്ട് അര്‍ധ സെഞ്ച്വറികളാണ്. രണ്ട് മത്സരങ്ങളിലും രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചതും സഞ്ജുവിന്റെ പ്രകടനങ്ങള്‍ തന്നെ.

മികച്ച ഫോം തുടരുന്ന സഞ്ജുവിനെ പുകഴ്ത്തുകയാണ് ക്രിക്കറ്റ് വിദഗ്ധരും മുന്‍ താരങ്ങളും കളിപ്രേമികളുമെല്ലാം.

സഞ്ജുവിന് 14 വയസുളപ്പോള്‍ അടുത്ത എംഎസ് ധോണിയായി സഞ്ജു മാറുമെന്ന് താന്‍ പറഞ്ഞിരുന്നതായി ശശി തരൂര്‍ എംപി ട്വിറ്ററില്‍ കുറിച്ചു. ഐപിഎല്ലില്‍ മികച്ച പ്രകടനത്തോടെ ലോകോത്തര താരം വരവറിയിച്ചതായും തരൂര്‍ പറഞ്ഞു.

എന്നാല്‍ തരൂരിനെ തിരുത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരവും എംപിയുമായ ഗൗതം ഗംഭീര്‍. സഞ്ജു അടുത്ത ആരുമാകേണ്ടതില്ലെന്നും ഇന്ത്യന്‍ ക്രിക്കറ്റിന്റെ സഞ്ജു സാംസണായാല്‍ മതിയെന്നുമായിരുന്നു ഗൗതം ഗംഭീര്‍ കുറിച്ചത്. പലപ്പോഴായി തന്റെ പിന്തുണ സഞ്ജുവിന് ഗംഭീര്‍ ഇതിനകം അറിയിച്ചുകഴിഞ്ഞു.

×