രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായി സഞ്ജു തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ഓരോ മലയാളി ക്രിക്കറ്റ് പ്രേമിക്കും അഭിമാനിക്കാം; ‘എലഗന്റ്’ സഞ്ജു സാംസണിന് ഇത് മികച്ച അവസരം; മറ്റൊരു ക്യാപ്റ്റന്‍ കൂളിന്റെ ഉദയമാകട്ടെ

സ്പോര്‍ട്സ് ഡസ്ക്
Wednesday, January 20, 2021

ലഗന്റ്’, സഞ്ജു സാംസണിനെ ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കുന്നത് ഈ പേരിലാണ്. ബാറ്റിംഗ് സ്‌ഫോടനാത്മകതയാണ് സഞ്ജുവിന്റെ അഴക്. ഐപിഎല്ലില്‍ പലകുറി സഞ്ജുവെന്ന വിക്കറ്റ് കീപ്പിംഗ് ബാറ്റ്‌സ്മാന്റെ മികവാര്‍ന്ന പ്രകടനം നാം കണ്ടുകഴിഞ്ഞു. ഇപ്പോഴിതാ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് സഞ്ജു. സഞ്ജുവിന് മാത്രമല്ല, ഓരോ മലയാളി ക്രിക്കറ്റ് പ്രേമിക്കും ഈ നേട്ടത്തില്‍ സന്തോഷിക്കാം.

മലയാളിക്ക് സ്വന്തം സഹോദരന്‍

സ്വന്തം കൂടെപിറപ്പ് എന്ന നിലയിലാണ് ഓരോ മലയാളിയും സഞ്ജുവിനെ കാണുന്നത്. പണ്ട് സച്ചിന്‍ ബാറ്റ് ചെയ്യുമ്പോള്‍ തോന്നുന്ന ‘ടെന്‍ഷനാണ്’ സഞ്ജു ബാറ്റ് ചെയ്യുമ്പോള്‍ തോന്നുന്നതെന്ന് അഭിപ്രായപ്പെട്ടത് നിരവധി പേര്‍. വരുംകാല ക്രിക്കറ്റില്‍ സഞ്ജു ഇന്ത്യന്‍ ടീമില്‍ സ്ഥിരസാന്നിധ്യമാകുമെന്ന് പ്രവചിച്ചത് ഹര്‍ഷ ഭോഗ്ല, ഗൗതം ഗംഭീര്‍, ഷെയ്ന്‍ വോണ്‍ തുടങ്ങി നിരവധി പ്രമുഖരാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ ടീമില്‍ എത്തിയപ്പോഴൊക്കെയും സഞ്ജുവിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചില്ലെന്നതും യാഥാര്‍ത്ഥ്യം.

‘ഡെയ്ഞ്ചറസ് ബാറ്റ്‌സ്മാന്‍ ഡിപ്പാര്‍ട്ട്‌സ്’ എന്നാണ് സഞ്ജു ഔട്ടാകുമ്പോള്‍ കമന്റേറ്റര്‍മാര്‍ പറയുന്നത്. അതില്‍ തന്നെ വ്യക്തമാണ് ഈ 26-കാരന്‍ എതിര്‍ടീമിന് എത്രത്തോളം ഭീഷണിയാണെന്ന്. തന്റേതായ ദിവസം സഞ്ജുവിനെ പുറത്താക്കുകയെന്നത് ബൗളര്‍മാരെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമുള്ള കാര്യമല്ല.

സഞ്ജുവെന്ന ‘ടീം മാന്‍’

ഒരു ‘ടീം മാന്‍’ എന്ന് സഞ്ജുവിനെ തീര്‍ച്ചയായും വിശേഷിപ്പിക്കാം. സ്വന്തം പ്രകടനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതിലുപരി ടീമിന്റെ റണ്‍ റേറ്റ് ഉയര്‍ത്താന്‍ ശ്രമിക്കുന്ന സഞ്ജുവിനെയാണ് പലപ്പോഴും മൈതാനത്ത് കാണാനാകുന്നത്. ഇതു തന്നെയാണ് ഈ മലയാളി താരത്തിന് വിനയായി മാറുന്നതും.

ഓസ്‌ട്രേലിയക്കെതിരെ അവരുടെ നാട്ടില്‍ വച്ച് നടന്ന ടി-20 ടീമിന്റെ ഭാഗമായിരുന്നെങ്കിലും സഞ്ജുവിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകാത്തതിന്റെയും കാരണം ഇതു തന്നെ.

അന്താരാഷ്ട്ര ക്രിക്കറ്റില്‍…

2014ലെ ഐപിഎല്ലില്‍, തന്റെ, 19-ാം വയസില്‍ ‘എമര്‍ജിംഗ് പ്ലെയര്‍’ ആയി തിരഞ്ഞെടുക്കപ്പെട്ടതിലൂടെയാണ് സഞ്ജു ക്രിക്കറ്റ് ലോകത്ത് ശ്രദ്ധാകേന്ദ്രമാകുന്നത്. ആ വര്‍ഷം തന്നെ ഇംഗ്ലണ്ട് പര്യനടത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും അവസാന 11-ല്‍ ഉള്‍പ്പെടാന്‍ സഞ്ജുവിനായില്ല.

2015-ല്‍ സിംബാബ്വെയ്‌ക്കെതിരെ അവരുടെ നാട്ടില്‍ നടന്ന മത്സരത്തിലാണ് സഞ്ജു അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. പിന്നീട് അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് സഞ്ജുവിന് ഇന്ത്യയുടെ നീലക്കുപ്പായമണിയാനുള്ള ഭാഗ്യമുണ്ടായത്. 2019ല്‍ ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ക്കെതിരെയുള്ള ഇന്ത്യന്‍ ടീമില്‍ ഭാഗമായിരുന്നെങ്കിലും സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ശ്രീലങ്കയ്‌ക്കെതിരായ ഒരു മത്സരത്തില്‍ സഞ്ജു ഇന്ത്യക്ക് വേണ്ടി കളത്തിലിറങ്ങി. നേരിട്ട ആദ്യ പന്തില്‍ സിക്‌സറടിച്ച് സഞ്ജു വരവറിയിച്ചെങ്കിലും തൊട്ടടുത്ത പന്തില്‍ ഔട്ടായി.

ന്യൂസീലാന്‍ഡ്, ഓസ്‌ട്രേലിയ ടീമുകള്‍ക്കെതിരെയും സഞ്ജു കളിച്ചെങ്കിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. ഇത് സഞ്ജുവിന് എതിരെ ഏറെ വിമര്‍ശനങ്ങള്‍ ഉയരാനും കാരണമായി.

ടീമിന്റെ നെടുംതൂണ്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചില്ലെങ്കിലും ഐപിഎല്ലില്‍ എല്ലാ സീസണുകളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. ബാറ്റിംഗില്‍ ‘കണ്‍സിസ്റ്റന്‍ന്റ്’ അല്ലെന്നതാണ് സഞ്ജുവിന് നേരെ ഉയരുന്ന പ്രധാന വിമര്‍ശനം. ബാറ്റിംഗില്‍ തിളങ്ങാന്‍ സാധിക്കാത്തപ്പോഴൊക്കെയും മികച്ച ഫീല്‍ഡിംഗിലൂടെയും വിക്കറ്റ് കീപ്പിലുടെയും സഞ്ജു ടീമിന്റെ അവിഭാജ്യഘടകമായി മാറിയിരുന്നു.

ഫോമിലല്ലാത്തപ്പോഴും സഞ്ജുവിന് അകമഴിഞ്ഞ പിന്തുണയാണ് രാജസ്ഥാന്‍ റോയല്‍സ് നല്‍കിയിരുന്നത്. 2017, 2018 വര്‍ഷങ്ങളില്‍ റോയല്‍സ് ഐപിഎല്ലില്‍ നിന്ന് താത്കാലികമായി പുറത്താക്കപ്പെട്ടപ്പോള്‍ സഞ്ജു ഡല്‍ഹി ഡെയര്‍ഡെവില്‍സിന് വേണ്ടി കളിച്ചിരുന്നു. 2017ല്‍ ഡല്‍ഹിക്കു വേണ്ടി ഐപിഎല്ലിലെ തന്റെ ആദ്യ സെഞ്ചുറിയും സഞ്ജു നേടി.

തുടര്‍ന്ന് 2019ല്‍ രാജസ്ഥാന്‍ ക്യാമ്പിലേക്ക് തിരികെയെത്തിയ സഞ്ജു അവിടെയും സെഞ്ചുറി നേടിയിരുന്നു. കഴിഞ്ഞ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച സഞ്ജുവിന് തുടര്‍ന്നുള്ള മത്സരങ്ങളില്‍ ആ ഫോം നിലനിര്‍ത്താനായിരുന്നില്ല. എന്നാല്‍ സീസണിലെ അവസാന മത്സരങ്ങളില്‍ ഫോമിലേക്ക് തിരികെയെത്തിയ സാംസണിനെയും കാണാന്‍ കഴിഞ്ഞു.

മറ്റൊരു ക്യാപ്റ്റന്‍ കൂളിന്റെ ഉദയമോ?

2021-ല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടതിലൂടെ വലിയ അവസരമാണ് സഞ്ജുവിനെ തേടിയെത്തിയിരിക്കുന്നത്. ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്നതിലുപരി നായകനെന്ന നിലയില്‍ തിളങ്ങാനുള്ള വലിയ അവസരമാണ് സഞ്ജുവിന് ഇത്.

2013ല്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു സഞ്ജു. ഈ വര്‍ഷം സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന്റെയും നായകനായി. നോക്കൗട്ടിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും മികച്ച പ്രകടനമാണ് ടൂര്‍ണമെന്റിലുടനീളം സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയില്‍ കേരളം കാഴ്ചവച്ചത്.

സഞ്ജുവിനെ നായകനായി തിരഞ്ഞെടുക്കുന്നതില്‍ ഇതും രാജസ്ഥാന്‍ റോയല്‍സ് പരിഗണിച്ചിരുന്നു. സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയില്‍ രാജസ്ഥാന് മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഓരോ സഞ്ജു ആരാധകനും. മറ്റൊരു ക്യാപ്റ്റന്‍ കൂളിന്റെ ഉദയം ഇതിലൂടെയുണ്ടാകുമെന്ന് നമുക്കും പ്രതീക്ഷിക്കാം.

×