സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കും; ഐപിഎല്‍ ടീമിനെ നയിക്കുന്ന ആദ്യ മലയാളി

സ്പോര്‍ട്സ് ഡസ്ക്
Wednesday, January 20, 2021

തിരുവനന്തപുരം: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായി മലയാളി താരം സഞ്ജു സാംസണിനെ പ്രഖ്യാപിച്ചു. നിലവിലെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ റോയല്‍സ് ഒഴിവാക്കി. നിലവില്‍ റോയല്‍സിലെ സീനിയര്‍ താരങ്ങളില്‍ ഒരാളാണ് സഞ്ജു. പുതിയ സീസണില്‍ സഞ്ജു ടീമിനെ നയിക്കും.

26-ാം വയസില്‍ വലിയ അംഗീകാരമാണ് ഈ മലയാളി താരത്തെ തേടിയെത്തിയിരിക്കുന്നത്. ഏതെങ്കിലുമൊരു ഐപിഎല്‍  ടീമിനെ നയിക്കുന്ന ആദ്യ മലയാളി താരമാണ് സഞ്ജു. പാതിമലയാളിയായ ശ്രേയസ് അയ്യര്‍ ഡെല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനാണ്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയില്‍ കേരളം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. നോക്കൗട്ടില്‍ പ്രവേശിക്കാനായില്ലെങ്കിലും മുംബൈ, ഡല്‍ഹി പോലുള്ള വമ്പന്‍ ടീമുകളെ പരാജയപ്പെടുത്താന്‍ കേരളത്തിന് കഴിഞ്ഞിരുന്നു.

വലിയ അംഗീകാരമാണ് തന്നെ തേടിയെത്തിയിരിക്കുന്നതെന്ന് സഞ്ജു പ്രതികരിച്ചു. രാഹുല്‍ ദ്രാവിഡിനെ മാതൃകയാക്കുമെന്നും സഞ്ജു പറഞ്ഞു. ഐപിഎല്ലില്‍ 103 ഇന്നിംഗ്‌സുകളിലായി 2584 റണ്‍സ് ഈ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ നേടിയിട്ടുണ്ട്.

×