സഞ്ജു ‘ഇന്‍ ഓര്‍ ഔട്ട്’? കരളുരുകി കേരളം

ഉല്ലാസ് ചന്ദ്രൻ
Sunday, December 8, 2019

ഇന്ന് വൈകുന്നേരം ഇന്ത്യ വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിനിറങ്ങുമ്പോള്‍ നമ്മുടെ സ്വന്തം ‘പയ്യന്‍സ്’ സഞ്ജു സാംസണ്‍ അവസാന ഇലവനില്‍ ഉണ്ടാകുമോ എന്ന വ്യാകുലപ്പെടുകയാണ് കേരളം മുഴുവന്‍. ഹോം ഗ്രൗണ്ടില്‍ സഞ്ജു കളിക്കുമെന്നു തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. പ്രാര്‍ത്ഥനയും. ആദ്യ മത്സരത്തില്‍ ജയിച്ച ടീമില്‍ മാറ്റം വരുത്താന്‍ മാനേജ്‌മെന്റ് തയാറാകുമോയെന്നും ആശങ്കയുണ്ട്.

സെപ്റ്റംബറില്‍ ഇതേ ഗ്രൗണ്ടില്‍ സഞ്ജു ഇന്ത്യ ‘എ’ ടീമിനു വേണ്ടി ദക്ഷിണാഫ്രിക്ക എ ടീമിനെതിരേ 91 റണ്‍സടിച്ചിരുന്നു. അതും വെറും 48 പന്ത് നേരിട്ട്. ബംഗ്ലാദേശിനെതിരായ പരമ്പരയിലും സഞ്ജുവിന് അവസരം ലഭിച്ചില്ല. രണ്ട് പരമ്പരകളില്‍ ടീമിലുണ്ടായിട്ടും ഒരു കളിപോലും കളിപ്പിക്കാതിരുന്നാല്‍ ടീം മാനേജ്‌മെന്റിനെതിരേയും ചോദ്യമുയരും. സഞ്ജുവിന്‍െ കളിപ്പിക്കാന്‍ മാനേജ്‌മെന്റ് ഉദ്ദേശിക്കുന്നെങ്കില്‍ അതിന് കൂടുതല്‍ സാധ്യത തിരുവനന്തപുരത്തുതന്നെയാകും.
ഓപ്പണിംഗ് ബാറ്റ്‌സമാന്‍ ലോകേഷ് രാഹുല്‍ ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ 62 റണ്‍സടിച്ച് സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. പിന്നെയുള്ളത് ഋഷഭ് പന്തും ശ്രേയസ് അയ്യരുമാണ്. സ്ഥാനക്കയറ്റം കിട്ടി ഇറങ്ങിയ ഋഷഭ് പന്ത് 18 റണ്‍സേ എടുത്തിരുന്നുള്ളൂ. പക്ഷേ, വേഗത്തില്‍ സ്‌കോര്‍ ഉയര്‍ത്തി സമ്മര്‍ദത്തില്‍നിന്ന് ടീമിനെ രക്ഷിച്ചിരുന്നു. ശ്രേയസ് അയ്യര്‍ വെള്ളിയാഴ്ച നാലുറണ്‍സെടുത്ത് പുറത്തായിരുന്നു. എന്നാല്‍, തുടര്‍ച്ചയായി മികച്ച പ്രകടനം നടത്തിയ അയ്യരെ ഒരു വീഴ്ച്ചയ്ക്ക പുറത്തിരുത്താന്‍ സാധ്യതയുമില്ല. ഓള്‍റൗണ്ടര്‍ ശിവം ദുബെയെ മാറ്റുമോ എന്നതാണ് മറ്റൊരു ചോദ്യം.
നിലവിലെ സാഹചര്യത്തില്‍ സഞ്ജുവിന് തിരുവനന്തപുരത്തും കളിക്കാന്‍ അവസരം ലഭിക്കാനുള്ള സാധ്യതകള്‍ കുറവാണ്. എന്നാല്‍ സഞ്ജുവിന്റെ നാട്ടിലാണ് മത്സരം എന്നതിനാല്‍ ടീം മാനേജ്‌മെന്റ് അങ്ങനെയൊരു തീരുമാനം എടുക്കുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്. അങ്ങനെയാണെങ്കില്‍ മധ്യനാര ബാറ്റ്‌സ്മാനായിട്ടായിരിക്കും താരം ടീമിലെത്തുക. അതേസമയം, വിരാട് കോലിയും രവിശാസ്ത്രിയും ‘വിന്നിംഗ്’ ടീമിനെ മാറ്റിയ ചരിത്രമില്ല. അഥവാ എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ ശിവം ദുബേയായിരിക്കും പുറത്തിരിക്കുക.

×