/sathyam/media/post_attachments/9HBZfHppwfBRu2pr73Jg.jpg)
എയര്‍ ഇന്ത്യ വിമാനത്തില്‍ വെച്ച് സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ച കേസില്‍ പ്രതിയായ ശങ്കര്‍ മിശ്ര ബുധനാഴ്ച സെഷന്‍സ് കോടതിയില്‍ പുതിയ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. 2022 നവംബറില്‍ ന്യൂയോര്‍ക്ക്-ന്യൂഡല്‍ഹി വിമാനത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോടതി ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കും.
അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഹര്‍ജ്യോത് സിംഗ് ഭല്ലയുടെ മുമ്പാകെ കേസ് ലിസ്റ്റ് ചെയ്തിട്ടുണ്ട്.അടുത്തിടെ മിശ്രയുടെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു . ജനുവരി ആറിന് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ഇയാള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുളളത്.
2022 നവംബര്‍ 26-ന് ന്യൂയോര്‍ക്ക്-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍, സഹയാത്രികയായ മുതിര്‍ന്ന സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ചെന്നാണ് ശങ്കര്‍മിശ്രയ്ക്ക് എതിരെയുളള കേസ്. കഴിഞ്ഞ വെളളിയാഴ്ച്ച ബെംഗളൂരുവില്‍ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. പ്രതി ഒളിവില്‍ പോയതിനാല്‍ ഡല്‍ഹി പോലീസ് ശങ്കര്‍ മിശ്രയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ച സംഭവം ശ്രദ്ധയില്‍പ്പെട്ട ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള എയര്‍ ഇന്ത്യയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും സംഭവം ഔദ്യോഗികമായല്ല എയര്‍ ഇന്ത്യ കൈകാര്യം ചെയ്തതെന്നും ആരോപിച്ചിരുന്നു.
സംഭവം പുറത്തായതോടെ, കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെല്‍സ് ഫാര്‍ഗോ എന്ന അമേരിക്കന്‍ കമ്പനിയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റായിരുന്ന ശങ്കര്‍ മിശ്രയെ സ്ഥാപനം പുറത്താക്കിയിരുന്നു.