തുടര്‍ച്ചയായി മൊഴി മാറ്റുന്നു; സനു പല കാര്യങ്ങളും ഒളിക്കുന്നെന്ന് പൊലീസ്

ന്യൂസ് ബ്യൂറോ, കൊച്ചി
Monday, April 19, 2021

കൊച്ചി: വൈഗയെ അച്ഛന്‍ സനു മോഹന്‍ തന്നെയാണ് ഞെരിച്ച് കൊന്നതെന്ന് പൊലീസ്. കൊലപാതകത്തില്‍ സനുവിനെ സഹായിക്കാന്‍ ആരെങ്കിലുമുണ്ടായിരുന്നെന്ന് ഇത്‌വരെ തെളിവ് കിട്ടിയിട്ടില്ല. വൈഗയെ ദേഹത്തോട് ചേര്‍ത്ത് നിര്‍ത്തി ഞെരിച്ച് കൊല്ലുകയായിരുന്നെന്നാണ് സനു മോഹന്‍ മൊഴി നല്‍കിയിരിക്കുന്നത്.

എന്നാല്‍ സനു ആരെയെങ്കിലും ഭയപ്പെടുന്നുണ്ടോയെന്ന് ഇനിയും പരിശോധിക്കേണ്ടതുണ്ടെന്നും സനുവിന്റെ മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സനു മൊഴികളെല്ലാം മാറ്റിപ്പറയുകയാണ്. ഇപ്പോള്‍ പറയുന്നത് പത്ത് മിനുട്ട് കഴിഞ്ഞ് പിന്നെയും മാറ്റുന്നു. അര മണിക്കൂര്‍ കഴിഞ്ഞ് പിന്നെയും മാറ്റുന്നു. വൈഗയുടെ ശരീരത്തിലെ മദ്യത്തിന്റെ അംശത്തെപറ്റിയും സംശയമുണ്ട്. ഇതിലൊന്നും സനുവിന്റെ മൊഴികള്‍ വിശ്വാസത്തിലെടുക്കാനാവില്ല. ഡിഎന്‍എ പരിശോധന ഫലം വന്നതിനു ശേഷമേ അന്തിമ വിവരം നല്‍കാനാവൂവെന്ന് പൊലീസ് പറഞ്ഞു.

മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നാണ് സനു മോഹന്റെ കുറ്റസമ്മതം. കടബാധ്യത പെരുകിയപ്പോള്‍ മകളുമായി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതാണെന്നും എന്നാല്‍ മകളെ പുഴയെ തള്ളിയെങ്കിലും ആത്മഹത്യ ചെയ്യാനായില്ലെന്നും മൊഴിയില്‍ പറയുന്നു.

×