കൊച്ചി: കളമശേരിക്ക് സമീപം മഞ്ഞുമ്മലിൽ മുട്ടാർ പുഴയിൽ പതിമൂന്നു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി ഒരാഴ്ച പിന്നിട്ടിട്ടും പിതാവിന്റെ തിരോധാനം സംബന്ധിച്ച് സൂചന ലഭിക്കാതെ പൊലീസ്. കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ലാറ്റിൽ ബീറ്റ ഗ്രീൻ 6–എയിൽ സനുമോഹന്റെ മകൾ വൈഗ (13)യുടെ പിതാവ് സനു മോഹന്റെ കാർ കഴിഞ്ഞ തിങ്കൾ പുലർച്ചെ രണ്ടിന് വാളയാർ ചെക്പോസ്റ്റ് കടന്നുപോയതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു.
സനു മോഹന്റെ തിരോധാനം ആസൂത്രിതമായ തിരക്കഥയാണോ?, സനൂമോഹനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയോ? തുടങ്ങി ദുരൂഹത നിറഞ്ഞ ചോദ്യങ്ങള്‍ക്ക് ഉത്തരംതേടുകയാണ് പൊലീസ്. സനുവിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വഴിമുട്ടിയിരിക്കുകയാണ്, തമിഴ്നാട്, കര്‍ണാടക പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്.
തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് മുട്ടാര്‍ പുഴയില്‍ മഞ്ഞുമ്മല്‍ ആറാട്ടുകടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപം 13 വയസുകാരി വൈഗയുടെ മൃതദേഹം കണ്ടെത്തിയത്. വൈഗക്കൊപ്പം തലേദിവസം മുതല്‍ അച്ഛന്‍ സനു മോഹനെയും കാണാതായിരുന്നു.
മകളുമൊന്നിച്ച് പുഴയില്‍ ചാടിയതാണോ എന്ന് സ്ഥിരീകരിക്കാന്‍ പൊലീസും ഫയര്‍ഫോഴ്സും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് സനു മോഹന്റെ കാര്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്. വൈഗയുടെ മൃതദേഹം കണ്ടെത്തിയെ തിങ്കള്‍ പുലര്‍ച്ച രണ്ടുമണിയോടെ കാര്‍ വാളയാര്‍ ടോള്‍ പ്ലാസ കടന്നുപോയതായി പൊലീസ് കണ്ടെത്തി.
ഒരു വിവരവും ലഭിക്കാത്തതോടെ വൈഗയുടെ മരണം കൊലപാതമെന്നും സംശയിക്കുന്നു. ഞായാഴ്ച വൈകീട്ട് ഭാര്യ രമ്യയെ ആലപ്പുഴയിലെ വീട്ടിലെത്തിച്ച േശഷം ബന്ധു വീട്ടിലേക്കാണെന്ന് പറഞ്ഞാണ് സനു മകളുമൊത്തിറങ്ങിയത്. ഇരുവരെയും കാണാതായതിനെ തുടര്‍ന്ന് അന്ന് രാത്രി തന്നെ സനുമോഹന്റെ ബന്ധുക്കള്‍ പൊലീസിന് പരാതി നല്‍കിയിരുന്നു.
സനുവിന്റെ വാളയാര്‍ കടന്നുപോയ വാഹനം ഇതുവരെ കണ്ടെത്താനായിട്ടില്ല. വൈഗ മരിക്കുന്നതിന് നാല് ദിവസം മുന്‍പ് തന്നെ സനുവിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തകരാറിലായതിനെ തുടര്‍ന്ന് നന്നാക്കാന്‍ കൊടുത്തെന്ന് പറഞ്ഞ് ഭാര്യയുടെ ഫോണായിരുന്നു ഉപയോഗിച്ചിരുന്നത്. ഈ ഫോണും സ്വിച്ച് ഓഫ് ആണ്. തകരാറിലായ ഫോണ്‍ എവിടെയാണ് നന്നാക്കാന്‍ കൊടുത്തതെന്ന വിവരവും ലഭിച്ചിട്ടില്ല. ശരിക്കും ഫോണ്‍ തകരാറിലായിരുന്നോ എന്നതാണ് സംശയം.
സനുവും പുഴയിൽ ചാടിയിട്ടുണ്ടാകാമെന്ന നിഗമനത്തിൽ ഫയർഫോഴ്സ് വൈഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തും മുട്ടാർ പുഴ മുഴുവനായും പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. പുഴയിൽ ചാടിയിട്ടുണ്ടെങ്കിൽ മൃതദേഹം ഉയർന്നുവരേണ്ട സമയം കഴിഞ്ഞുവെന്നും അവർ വ്യക്തമാക്കി.
വാഹനവുമായി പുഴയിൽ ചാടിയോ അതോ മകളെ പുഴയിൽ തള്ളിയിട്ട ശേഷം വാഹനവുമായി മറ്റെവിടേക്കെങ്കിലും പോയോ എന്നും സംശയത്തിനിടയിലാണ് സനു മോഹന്റെ കാർ വാളയാർ ചെക്പോസ്റ്റ് കടന്നുപോയതായി പൊലീസ് സ്ഥിരീകരിച്ചത്.
കൊച്ചിയില്‍ ഇന്റീരിയർ ഡിസൈനിങ് ജോലികള്‍ ചെയ്തിരുന്ന സനു കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. നേരത്തെ പുണെയിലായിരുന്ന സനു അവിടെ ചിലരുമായി പണമിടപാട് നടത്തിയിരുന്നു. ഈ വ്യക്തികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.
ഫോണ്‍ സ്വിച്ച് ഓഫ് ആവുന്നതിന് മുന്‍പുള്ള കോള്‍ രേഖകള്‍ സൈബര്‍ പൊലീസില്‍ നിന്ന് ശേഖരിച്ചിട്ടുണ്ട്. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം. തമിഴ്നാട്, കര്‍ണാടക പൊലീസിന്റെയും സഹായം തേടിയിട്ടുണ്ട്.