മാര്‍ച്ച് 21 മുതല്‍ സ്വിച്ച് ഓഫ്, പൊലീസ് നാടെല്ലാം അരിച്ചു പെറുക്കുമ്പോള്‍ സനു മോഹന്റെ വാട്ട്‌സ്ആപ്പ് ശനിയാഴ്ച ആക്ടിവ്; അറസ്റ്റിലും തിരക്കഥ?

ന്യൂസ് ബ്യൂറോ, കൊച്ചി
Monday, April 19, 2021

കൊച്ചി:  വൈഗയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് നാടെല്ലാം അരിച്ചുപെറുക്കുമ്പോള്‍ സനു മോഹന്റെ വാട്ട്‌സ്ആപ്പ് നമ്പര്‍ ശനിയാഴ്ച വൈകിട്ട് ആക്ടിവ് ആയിരുന്നതായി റിപ്പോര്‍ട്ട്. ഇന്നലെ കര്‍ണാടക പൊലീസിന്റെ സഹായത്തോടെ അന്വേഷണ സംഘം കാര്‍വാറില്‍നിന്നു പിടികൂടുന്നതിനു മണിക്കൂറുകള്‍ മുമ്പ് സനു മോഹന്റെ വാട്ട്‌സ്ആപ്പ് ആക്ടിവ് ആയിരുന്നതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ആലപ്പുഴയില്‍നിന്നു മാര്‍ച്ച് 21ന് കാണാതായതു മുതല്‍ സനു മോഹന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ലൊക്കേഷന്‍ സൈബര്‍ പൊലീസ് കണ്ടെത്താതായിരിക്കാനാണ് ഇതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അങ്ങനെയെങ്കില്‍ ശനിയാഴ്ച എന്തുകൊണ്ട് വാട്ട്‌സ്ആപ്പ് ആക്ടിവ് ആക്കിയെന്ന സംശയമാണ് ഉയരുന്നത്. ഒന്നുകില്‍ അറസ്റ്റിനു സനു മോഹന്‍ തന്നെ വഴിയൊരുക്കിരിക്കാം. അല്ലെങ്കില്‍ ഒരു ദിവസം നേരത്തെ തന്നെ സനു പൊലീസിന്റെ കസ്റ്റഡിയില്‍ ആയിരിക്കാമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

കര്‍ണാടക പൊലീസിന്റെ സഹായത്തോടെ സനുവിനെ പിടികൂടിയെന്ന വാദം ശരിയെങ്കില്‍ എന്തുകൊണ്ട് സൈബര്‍ വിങ്ങിന് ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്താനായില്ലെന്ന ചോദ്യത്തിന് പൊലീസ് മറുപടി നല്‍കേണ്ടിവരും. വാട്ട്‌സ്ആപ്പ് ആക്ടിവ് ആയിട്ടും സൈബര്‍ വിങ് ഇതു കണ്ടെത്തി പ്രത്യേക സംഘത്തിന് വിവരം നല്‍കിയില്ലെന്നത് പിഴവു തന്നെയാണെന്ന് ചില ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ഇത് ഒരു സാധ്യത മാത്രമാണെന്നും അവര്‍ പറയുന്നു. സനുവിനെ ഒരു ദിവസം മുമ്പു തന്നെ പൊലീസ് കസ്‌ററഡിയില്‍ എടുത്തിരിക്കാം. ചോദ്യം ചെയ്യലിനും വിവരങ്ങള്‍ ശേഖരിക്കാനുമായി, പിടിയിലായ വിവരം അന്വേഷണ സംഘം വൈകിയാവാം പുറത്തുവിട്ടത്. അങ്ങനെയങ്കില്‍ കസ്റ്റഡിയില്‍ ആയിരിക്കെയാവാം ഫോണ്‍ ആക്ടിവ് ആയതെന്നും അവര്‍ പറയുന്നു.

സനു മോഹന്റെ അറസ്റ്റ് ഞായറാഴ്ച അന്വേഷണ സംഘം രേഖപ്പെടുത്തി. വൈഗയെ താന്‍ കൊലപ്പെടുത്തിയതു തന്നെയാണെന്ന് സനു പൊലീസിനോടു സമ്മതിച്ചതായാണ് സൂചന.

×