സനുമോഹന്റെ അറസ്റ്റിന് പിന്നാലെ എനിക്ക് കുറച്ചു കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് സനുമോഹന്റെ ഭാര്യ

ന്യൂസ് ബ്യൂറോ, ആലപ്പുഴ
Monday, April 19, 2021

ആലപ്പുഴ; വൈ​ഗയുടെ മരണത്തില്‍ അച്ഛന്‍ സനു മോഹന്‍ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിലായത്. അതിന് പിന്നാലെ തനിക്ക് കുറച്ചു കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സനുമോഹന്റെ ഭാര്യ.

സനുമോഹന്റെ അറസ്റ്റുവിവരം പൂര്‍ണമായും പുറത്തുവന്നതിനുശേഷം തിങ്കളാഴ്ച പ്രതികരിക്കുമെന്നാണ് ഇവര്‍ വ്യക്തമാക്കിയത്. മാധ്യമങ്ങളോട് തനിക്ക് കുറച്ചുകാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നും അവര്‍ പറഞ്ഞു. ആലപ്പുഴയിലെ രഹസ്യകേന്ദ്രത്തില്‍ പോലീസ് നിരീക്ഷണത്തിലാണ് ഇവരിപ്പോള്‍.

മകളെ കൊന്നത് താനാണെന്ന് സനു മോഹന്‍ കുറ്റസമ്മതം നടത്തി. കടബാധ്യത പെരുകിയപ്പോള്‍ മകള്‍ക്കൊപ്പം മരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തനിയെ മരിച്ചാല്‍ മകള്‍ അനാഥമാകുമെന്ന് കരുതിയതായി ഇയാള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

ഒരുമിച്ച്‌ മരിക്കാന്‍ പോവുകയാണെന്ന് മകളോട് പറഞ്ഞു. വൈഗയെ ശരീരത്തോട് ചേര്‍ത്ത് കെട്ടിപ്പിടിച്ച്‌ ശ്വാസം മുട്ടിച്ചു. ശരീരത്തിന്റെ ചലനം നിലയ്ക്കും വരെ അങ്ങനെ ചെയ്തു. ശേഷം മകളെ ബെഡ് ഷീറ്റില്‍ പൊതിഞ്ഞ് കാറില്‍ കിടത്തി. വൈഗയെ കയ്യില്‍ എടുത്ത് പുഴയില്‍ താഴ്ത്തി. ഭയം കാരണം തനിക്ക്‌ മരിക്കാനായില്ല. പലതവണ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും നടന്നില്ലെന്നും ഇയാള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

കുറ്റസമ്മതം നടത്തി സനു മോഹന്‍ പുഴയില്‍ എറിയുമ്ബോള്‍ വൈഗ അബോധാവസ്ഥയിലായിരുന്നതായി പൊലീസ് പറയുന്നു. വൈഗ മരിച്ചത് പുഴയില്‍ വീണതിന് ശേഷമാണെന്നാണ് പൊലീസ് നിഗമനം. സനു മോഹന്റെ മൊഴിയുടെ വിശ്വാസ്യത പൊലീസ് പരിശോധിക്കുകയാണ്.

×