ഡല്‍ഹി : മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണ വേളയില്‍ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസുമായി അജിത് പവാര്‍ ചര്‍ച്ച നടത്തിയ കാര്യം തനിക്ക് അറിയാമായിരുന്നുവെന്നു ശരദ് പവാര്‍. ഫഡ്‌നാവിസുമായി തന്റെ അനന്തരവനായ അജിത് ചര്‍ച്ച നടത്തുന്ന കാര്യം അറിഞ്ഞിരുന്നു. എന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തോളം കാര്യങ്ങള്‍ എത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. പവാര്‍ പറഞ്ഞു.
/sathyam/media/post_attachments/LNIjCAoQxk5LT8z67t3o.jpg)
കോണ്‍ഗ്രസുമായി നവംബര്‍ 22-നു നടത്തിയ ചര്‍ച്ചകള്‍ക്കിടയില്‍ ഉടലെടുത്ത പ്രശ്‌നങ്ങളും പവാര്‍ വെളിപ്പെടുത്തി. ഇതിനു തൊട്ടുപിറ്റേന്നാണ് അജിത് പവാറിന്റെ പിന്തുണയോടെ ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തത്. കോണ്‍ഗ്രസ് നേതാക്കളുമായുള്ള ചൂടേറിയ ചര്‍ച്ചകളില്‍ അജിത് പവാര്‍ അതൃപ്തനായിരുന്നുവെന്ന് ശരദ് പവാര്‍ പറഞ്ഞു.
''കോണ്‍ഗ്രസ് കൂടുതല്‍ മന്ത്രിസ്ഥാനം ആവശ്യപ്പെട്ടു. അജിത് ഇതില്‍ ഒട്ടും സന്തോഷവാനായിരുന്നില്ല. ഞാനും അജിതും യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. കാര്യങ്ങള്‍ ഇങ്ങനെയെങ്കില്‍ പിറ്റേന്ന് എങ്ങനെ കോണ്‍ഗ്രസുമായി ചേര്‍ന്ന് മന്ത്രിസഭ രൂപീകരിക്കുമെന്ന് അജിത് മറ്റു നേതാക്കളോട് സംശയം പ്രകടിപ്പിക്കുകയും ചെയ്തു. ആ രാത്രിയാണ് അജിത്, ദേവേന്ദ്ര ഫഡ്‌നാവിസുമായി കൂടിക്കാഴ്ച നടത്തിയത്.'' - ശരദ് പവാര്‍ പറഞ്ഞു.
എന്‍സിപി-ബിജെപി ചര്‍ച്ച നടത്തണമെന്നു ചില ബിജെപി നേതാക്കള്‍ നിര്‍ദേശിച്ചിരുന്നു. ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ചര്‍ച്ച നടത്താന്‍ ശ്രമിക്കണമെന്നായിരുന്നു ആവശ്യം. അതു നടത്തിയത് അജിതും ഫഡ്‌നാവിസും തമ്മിലായിരുന്നുവെന്നും ശരദ് പവാര്‍ പറഞ്ഞു.