കുഞ്ഞിനെ കൊന്ന അവള്‍ നാളെ എന്നെ കൊല്ലില്ലെന്ന് എന്താണ് ഉറപ്പ്?… അവള്‍ക്ക് മരണശിക്ഷ വിധിച്ചാലും എനിക്കും അവളുടെ അമ്മയ്ക്കും സന്തോഷം മാത്രമേയുള്ളൂ…. നെഞ്ച് പൊട്ടിയാണ് പറയുന്നത്…. .എത്രത്തോളം വലിയ ശിക്ഷ കിട്ടുമോ, അത്രത്തോളം വലിയ ശിക്ഷ കിട്ടട്ടെ…. ഇങ്ങനെത്തെയൊരു പെണ്‍കുട്ടി ഇനി ഭൂമിയില്‍ ഉണ്ടാകാന്‍ പാടില്ല: പൊട്ടിത്തെറിച്ച്‌ ശരണ്യയുടെ അച്ഛന്‍

ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Wednesday, February 19, 2020

കണ്ണൂര്‍ : ക്രൂരകൃത്യം ചെയ്ത മകളെ തൂക്കിക്കൊല്ലണമെന്ന് ശരണ്യയുടെ അച്ഛന്‍ വത്സരാജ്. തങ്ങള്‍ക്ക് അത്രയ്ക്കും സ്‌നേഹമുള്ള കുഞ്ഞിനെയാണ് ശരണ്യ കൊന്നു കളഞ്ഞത്. മകള്‍ക്ക് ഏറ്റവും വലിയ ശിക്ഷ കിട്ടിയാല്‍ അത്രയും സന്തോഷമാണെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞിനെ കൊന്ന ശരണ്യയെ ഇനി തങ്ങള്‍ക്കാര്‍ക്കും വേണ്ടെന്നും ഇനിയൊരാള്‍ക്കും ഇങ്ങനെയൊരു ഗതി വരരുതെന്നും വത്സരാജ് പറഞ്ഞു.

“എന്റെ എട്ടന്റെ കുടുംബവും ഞങ്ങളും അത്രയും ആ കുട്ടിയെ നോക്കിയിട്ടുണ്ട്. കുഞ്ഞിനെ കൊന്ന അവള്‍ നാളെ എന്നെ കൊല്ലില്ലെന്ന് എന്താണ് ഉറപ്പ്? അവള്‍ക്ക് മരണശിക്ഷ വിധിച്ചാലും എനിക്കും അവളുടെ അമ്മയ്ക്കും സന്തോഷം മാത്രമേയുള്ളൂ. നെഞ്ച് പൊട്ടിയാണ് പറയുന്നത്.കടലില്‍ പണിയെടുത്താണ് അവളെ പൊന്നുപോലെ വളര്‍ത്തിയത്. എത്രത്തോളം വലിയ ശിക്ഷ കിട്ടുമോ, അത്രത്തോളം വലിയ ശിക്ഷ കിട്ടട്ടെ. ഇങ്ങനെത്തെയൊരു പെണ്‍കുട്ടി ഇനി ഭൂമിയില്‍ ഉണ്ടാകാന്‍ പാടില്ല,” വത്സരാജ് പറഞ്ഞു.

മത്സ്യത്തൊഴിലാളിയാണ് വല്‍സരാജ്. വല്‍സരാജിനും ഭാര്യ റീനയ്ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു പേരക്കുട്ടിയായ വിയാന്‍. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുട്ടിയെ കൊലപ്പെടുത്തിയ അമ്മ ശരണ്യയെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോല്‍ വികാരനിര്‍ഭര രംഗങ്ങളാണ് ഉണ്ടായത്.

ശരണ്യയെ കണ്ടതോടെ അച്ഛന്‍ വല്‍സരാജ് ആക്രോശിച്ചുകൊണ്ട് മകള്‍ക്കടുത്തേക്ക് പാഞ്ഞടുത്തു. എന്നാല്‍ പൊലീസുകാര്‍ ഇടപെട്ട് തടഞ്ഞു. പിന്നീട് അദ്ദേഹം വീട്ടിനുള്ളില്‍ കുഴഞ്ഞുവീണു. വീട്ടിലെത്തിച്ച മകളോട് അമ്മയും രോഷം പ്രകടിപ്പിച്ചു. വീടിനകത്തും കടപ്പുറത്തുവെച്ചും തെളിവെടുപ്പില്‍ യാതൊരു ഭാവഭേദങ്ങളുമില്ലാതെയാണ് ശരണ്യ കുറ്റകൃത്യം നടത്തിയത് വിവരിച്ചത്.

×