ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ നരേന്ദ്രമോദി ആവശ്യപ്പെട്ടു; മകള്‍ സുപ്രിയ സുലെയെ കേന്ദ്രമന്ത്രിയാക്കാമെന്ന് വാഗ്ദാനം നല്‍കി; രാഷ്ട്രപതിയാക്കുമെന്ന മോദി സര്‍ക്കാര്‍ വാഗദാനം ചെയ്തുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി: ശരത് പവാറിന്റെ വെളിപ്പെടുത്തല്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, December 2, 2019

ന്യൂഡല്‍ഹി: ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നോട് ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തലുമായി എന്‍സിപി മേധാവി ശരദ് പവാര്‍. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സഖ്യമുണ്ടാക്കാന്‍ ആവശ്യപ്പെട്ടത്.

മകള്‍ സുപ്രിയ സുലെയെ കേന്ദ്രമന്ത്രിയാക്കാമെന്നും വാഗ്ദാനമുണ്ടായിരുന്നെന്ന് ശരദ് പവാര്‍ പറഞ്ഞു. ഒരു മറാഠി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പവാറിന്റെ വെളിപ്പെടുത്തല്‍.

മോദിയുടെ വാഗ്ദാനങ്ങള്‍ താന്‍ നിരസിക്കുകയായിരുന്നു. ഞങ്ങള്‍ തമ്മിലുള്ള വ്യക്തിബന്ധം വളരെ നല്ലതാണ്. അവ അങ്ങനെ തന്നെ തുടരുമെന്നും ഒരുമിച്ച്‌ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും മോദിയോട് വ്യക്തമാക്കിയതായി അദ്ദേഹം പറഞ്ഞു.

അതേസമയം രാഷ്ട്രപതിയാക്കുമെന്ന മോദി സര്‍ക്കാര്‍ വാഗദാനം ചെയ്തുവെന്ന റിപ്പോര്‍ട്ടുകള്‍ ശരദ് പവാര്‍ തള്ളി. മകളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു കൂടിക്കാഴ്ചയില്‍ മോദി പറഞ്ഞതെന്നും പവാര്‍ പറഞ്ഞു.

ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെ പൂനെ ജില്ലയിലെ ബാരാമതിയില്‍ നിന്നുള്ള ലോക്‌സഭാ അംഗമാണ്. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് നാടകീയമായ സംഭവവികാസങ്ങള്‍ക്കിടയിലാണ് പവാര്‍ കഴിഞ്ഞ മാസം മോദിയെ കണ്ടത്.

×