/sathyam/media/post_attachments/U8EjoBdZtWCrgtGpC6FR.jpg)
തിരുവനന്തപുരം: ജയിലില്‍ ഭീഷണിയും സമ്മര്‍ദ്ദവും നേരിടേണ്ടിവരുന്നുവെന്ന് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സരിത്ത്. ചില നേതാക്കളുടെ പേര് പറയാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് സരിത്ത് എന്‍ഐഎ കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ചില ദേശീയ നേതാക്കളുടെയും ബിജെപി, കോൺഗ്രസ് നേതാക്കളുടെയും പേര് പറയാൻ സമ്മർദ്ദമുണ്ടെന്നാണ് സൂചന. സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളില്‍ ഒരാളാണ് സ്വപ്‌ന സുരേഷിന്റെ കൂട്ടുപ്രതിയായ സരിത്ത്. എൻഐഎ കേസിൽ റിമാന്റ് പുതുക്കാൻ കോടതിയിൽ ഓൺലൈനായി ഹാജരാക്കിയപ്പോഴാണ് സരിത് അഭിഭാഷകൻ മുഖേന ഇക്കാര്യം കോടതിയെ അറിയിച്ചത്.
ജയിൽ അധികൃതർ നിർബന്ധിച്ചതായാണ് സരിതിന്റെ അഭിഭാഷകൻ കോടതിയോട് പറഞ്ഞത്. റിമാന്റ് പുതുക്കുന്നതിനായി ഇന്ന് ഓൺലൈൻ വഴി സരിതിനെ കോടതിയിൽ ഹാജരാക്കിയിരുന്നു. എല്ലാ കാര്യങ്ങളും ഓൺലൈൻ വഴി പറയാൻ ആകില്ലെന്നും, കോടതി മുൻപാകെ നേരിട്ട് ഹാജരാകാൻ അനുവദിക്കണമെന്നും സരിത് ആവശ്യപ്പെട്ടു. ബന്ധുക്കൽ നൽകിയ വിവരം അനുസരിച്ചാണ് പരാതി നൽകിയതെന്ന് സരിതിന്റെ അഭിഭാഷകൻ പറഞ്ഞു. സരിത്തിനെ ശനിയാഴ്ച നേരിട്ട് ഹാജരാക്കണമെന്ന് എന്‍ഐഎ കോടതി നിര്‍ദേശിച്ചു.