വേണ്ടത് സംഘടനാ തെരഞ്ഞെടുപ്പ്. ഇല്ലെങ്കിൽ ഇനിയും ഉയരും വിമത സ്വരം ?

New Update

publive-image

ശശി തരൂരിനോട് പലർക്കും അസൂയയാണെന്ന് തോന്നാറുണ്ട്. പാർലമെന്റിലും അന്താരാഷ്ട്രവേദികളിലും ശ്രദ്ധിക്കപ്പെടുന്ന അദ്ദേഹത്തിൻ്റെ ശബ്ദം ആരെയൊക്കെയോ അസ്വസ്ഥരാക്കുന്നുണ്ട്‌ എന്ന് വ്യക്തം.

Advertisment

ഒരു ജനാധിപത്യ രാജ്യത്തു പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ജനാധിപത്യപരമായ സംഘനാതെ രഞ്ഞെടുപ്പുകൾ നടന്നില്ലെങ്കിൽ അനർഹരായ പലരും അവിടെ പ്രതിഷ്ഠിക്കപ്പെടാം.

നിർഭാഗ്യവശാൽ കോൺഗ്രസ്, ബിജെപി മുതലായ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ സംഘടനാ തെരഞ്ഞെടുപ്പുകൾ നിർവീര്യമാക്കപ്പെട്ടിരിക്കുന്നു.

താഴെനിന്ന് മുകളിലേക്കും മുകളിൽ നിന്ന് താഴേക്കുമുള്ള ഇഷ്ടക്കാരുടെ നോമിനേഷനുകളിൽ കഴിവും ജനപിന്തുണയും അർഹതയുടെ മാനദണ്ഡമാകുന്നില്ല.

അങ്ങനെ പ്രതിഷ്ഠിക്കപ്പെടുന്നവർക്ക് വിധേയത്വം കൂടും. കഴിവുള്ളവരെ അംഗീകരിക്കാൻ ജാള്യതയുണ്ടാകുക സ്വാഭാവികം മാത്രം. ഭാരവാഹിത്വത്തിനും അധികാരത്തിനും വേണ്ടിയാണവരുടെ സ്തുതിഗീതങ്ങളെല്ലാം.

കോൺഗ്രസ് വിമുക്തഭാരതം എന്ന് ഗാന്ധിജി ആഗ്രഹിച്ചത് ഇതൊക്കെ മുന്നിൽക്കണ്ടുകൂടിയാകാം.

ഖദർ വസ്ത്രമിട്ടാൽമാത്രമേ കോൺഗ്രെസ്സുകാരനാകൂ എന്നതും ഒരു തെറ്റിദ്ധാരണയാണ്. വിലകൂടിയ വിദേശ വസ്ത്രങ്ങൾ ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം ചെയ്ത മഹാത്മജി, സ്വയം ചർക്കയിൽ നൂൽ നെയ്തു വസ്ത്രമു ണ്ടാക്കാനാണ് ജനങ്ങൾക്ക് പ്രചോദനം നൽകിയത്. അതന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു.

ഇന്നതില്ല. ഇന്ന് ഇന്ത്യൻ വസ്ത്രങ്ങൾക്കാണ് ലോകമാർക്കറ്റിൽ ഏറ്റവും വിലക്കുറവ്. ഇന്ന് ഒരു ഖദർ വസ്ത്രം വാങ്ങുന്ന വിലയ്ക്ക് കുറഞ്ഞത് മൂന്നു വസ്ത്രങ്ങൾ വാങ്ങാൻ കഴിയും.

എത്ര റിബേറ്റ് നൽകിയാലും ഖദറിന് വിലക്കൂടുതലാണ്. അതിൻ്റെ ഉൽപ്പാദനച്ചിലവ് തന്നെയാണ് കാരണം. സാധാരണക്കാർക്ക് വില താങ്ങാനാകില്ല.

കോൺഗ്രസുകാർ കൂടുതൽ ജനകീയരാകണം. സാധാരണക്കാർ ധരിക്കുന്ന വസ്ത്രങ്ങൾ ധരിക്കാൻ അവർ തയ്യറാകേണ്ടതാണ്.

അത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യവുമാണ്. അഴുക്കുപുരളാത്ത ,പളുപളുത്ത ഖദർ വസ്ത്രങ്ങൾ ഒരു പ്രത്യേക വിഭാഗത്തിന്റെ യൂണിഫോം എന്ന പ്രതീതിയാണ് ജനിപ്പിക്കുന്നത്.

കെബി ഗണേഷ്‌കുമാർ,എംകെ മുനീർ തുടങ്ങിയ ഏതാനും ചില നേതാക്കളാണ് ഇതിനപവാദമായി ചൂണ്ടിക്കാണിക്കാനുള്ളത്.

രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ജാനാധിപത്യ പ്രക്രിയയിലുള്ള തെരഞ്ഞെടുപ്പ് സംവിധാനം താഴേത്തട്ടുമുതൽ നടപ്പാക്കാത്തിടത്തോളം കാലം ഇത്തരം വിമതസ്വരങ്ങളും വിഭാഗീയതയും ഉണ്ടാകുകതന്നെ ചെയ്യും. അതിനെ എതിർക്കുന്നവർ യഥാർത്ഥത്തിൽ ആ പ്രസ്ഥാനത്തെയാണ് തകർക്കുന്നത്.

sasi tharoor
Advertisment