ഫ്രീഡം ഹൗസ് പട്ടികയിലെ ഇന്ത്യയുടെ മോശം റാങ്ക്: അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയുടെ ജനാധിപത്യ മുഖം നഷ്ടപ്പെട്ടെന്നും റിപ്പോര്‍ട്ട് രാജ്യത്തിന് നാണക്കേടാണെന്നും ശശി തരൂര്‍ എംപി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, March 5, 2021

തിരുവനന്തപുരം: ഫ്രീഡം ഹൗസ് പട്ടികയിലെ ഇന്ത്യയുടെ മോശം റാങ്കിംഗിൽ വിമർശനവുമായി ശശി തരൂർ എംപി. അന്താരാഷ്ട്രതലത്തിൽ ഇന്ത്യയുടെ ജനാധിപത്യ മുഖം നഷ്ടപ്പെട്ടെന്നും റിപ്പോർട്ട് രാജ്യത്തിന് നാണക്കേടാണെന്നും പ്രതികരണം. വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീഡം ഹൗസ് എന്ന സംഘടനയുടെ സ്വതന്ത്ര രാജ്യങ്ങളുടെ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്‌കോർ 71 ൽ നിന്നും 67 ലേക്ക് താഴ്ന്നിരുന്നു.

2014 ൽ നരേന്ദ്ര മോദി അധികാരത്തിലേറിയതിനു ശേഷം രാജ്യത്ത് അവകാശങ്ങളും പൗര സ്വാതന്ത്ര്യവും നാശത്തിന്റെ പാതയിലാണെന്ന് ആയിരുന്നു സംഘടനയുടെ വിലയിരുത്തൽ. തുടർന്ന് ഇന്ത്യയെ സ്വതന്ത്ര രാജ്യ പദവിയിൽ നിന്നും ‘ഭാഗിക സ്വതന്ത്ര’ രാജ്യമാക്കി അന്താരാഷ്ട്ര സംഘടന തരംതാഴ്ത്തി. ഏറ്റവും സ്വതന്ത്രമായ രാജ്യത്തിനുള്ള സ്‌കോർ നൂറാണ്. 211 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 83 ൽ നിന്നും 88 ആയി കുറഞ്ഞു.

ഇന്ത്യയിൽ മുസ്‌ലിങ്ങൾ നേരിടുന്ന അക്രമങ്ങൾ, രാജ്യദ്രോഹ നിയമത്തിന്റെ ഉപയോഗം, ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാരിന്റെ കോവിഡ് പ്രതിരോധം തുടങ്ങിയ വിഷയങ്ങൾ പരാമർശിച്ചാണ് സംഘടനയുടെ വാർഷിക റിപ്പോർട്ടിൽ ഇന്ത്യയെ തരംതാഴ്ത്തിയത്. ഗുതരമായ ആരോപണങ്ങളാണ് റിപ്പോർട്ടിൽ ഇന്ത്യയ്ക്കും ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരിനും എതിരേ ഉയർത്തിയിരിക്കുന്നത്.

” കേന്ദ്ര സർക്കാർ ഹിന്ദു ദേശീയതയിലധിഷ്ഠമാകുന്നു. മനുഷ്യാവകാശ സംഘടനകളുടെ മേൽ അമിത സമ്മർദം ചെലുത്തുന്നു. അക്കാദമിക്കുകളെയും മാധ്യമപ്രവർത്തകരെയും വിരട്ടുന്നു. മുസ്‌ലിംകളെ ലക്ഷ്യം വെച്ചുള്ള അക്രമങ്ങൾക്ക് നേതൃത്വം നൽകി. 2019 ൽ മോദി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം സ്ഥിതി കൂടുതൽ രൂക്ഷമായി. 2020 ൽ കോവിഡ് പ്രതിരോധത്തിന്റെ പേരിലും മനുഷ്യാവകാശ ധ്വംസനങ്ങൾ ഉണ്ടായി.”

സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പിലും രൂക്ഷ വിമർശനമുണ്ട്. ”മുസ്‌ലിം ജനസംഖ്യയെ നേരിട്ട് ബാധിക്കുന്ന വിവേചന നയങ്ങൾക്കും, വർധിച്ചു വരുന്ന അക്രമങ്ങൾക്കും, വിയോജനസ്വരമുയർത്തുന്ന മാധ്യമങ്ങൾക്കും അക്കാദമിക്കുകൾക്കും പൗര സമൂഹ സംഘങ്ങൾക്കും പ്രതിഷേധക്കാർക്കുമെതിരെ അടിച്ചമർത്തലിനു നേതൃത്വം നൽകുകയാണെന്നും ഈ വർഷത്തെ തങ്ങളുടെ റിപ്പോർട്ടിലെ ഏറ്റവും പ്രധാനകാര്യം ഇന്ത്യയുടെ മാറ്റമാണെന്നും പറയുന്നു.

×