സൗദിയിലെ എണ്ണപ്പാടങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ ഇറാൻ തന്നെയാണെന്നതിന് ‘തെളിവുകൾ’: പുറത്തുവിട്ട് സൗദി അറേബ്യ

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Wednesday, September 18, 2019

റിയാദ്: സൗദിയിലെ എണ്ണപ്പാടങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ ഇറാൻ തന്നെയാണെന്നതിന് ‘തെളിവുകൾ’ പുറത്തുവിട്ട് സൗദി അറേബ്യ.

ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളുടെ അവശിഷ്ടങ്ങളും കഴിഞ്ഞ കുറച്ചു കാലമായി സൗദിക്ക് നേരെ ‘ഇറാൻ പിന്തുണയ്ക്കുന്ന’ ഹൂതി വിമതരുടെ ആക്രമണങ്ങളുടെ കണക്കുകളും അവതരിപ്പിച്ചാണ് സൗദി പ്രതിരോധവക്താവ് തുർക്കി-അൽ-മാലിക്കിയുടെ വാർത്താസമ്മേളനം.

ഇറാന്‍റെ സാങ്കേതിക വിദ്യയിലൂടെ നിർമിച്ച, അല്ലെങ്കിൽ കൈമാറിയ ആയുധങ്ങളാണെന്നതിന് കൃത്യമായ തെളിവുകളുണ്ടെന്നും, അതാണ് പ്രദർശിപ്പിക്കുന്നതെന്നും പറഞ്ഞുകൊണ്ടാണ് സൗദി വാർത്താസമ്മേളനം നടത്തിയത്. ആക്രമണത്തിന് പിന്നിൽ ഇറാന്‍റെ കൈകളുണ്ടെന്നത് സംശയരഹിതമായി തെളിയിക്കുന്നതാണ് ഇതെന്നും സൗദി പ്രതിരോധവക്താവ് പറയുന്നു.

പൊട്ടിത്തെറിക്കാതിരുന്ന ഒരു ലാൻഡ് ക്രൂയിസ് മിസൈലടക്കം പ്രദർശിപ്പിച്ചു കൊണ്ടാണ് സൗദിയുടെ വാർത്താ സമ്മേളനം. അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ ഇറാനെ കടുത്ത പ്രതിരോധത്തിലാക്കുന്നതാണ് ഈ വാർത്താ സമ്മേളനം.

ആക്രമണം നടന്ന സ്ഥലത്തു നിന്നും ശേഖരിച്ച ഡ്രോണുകളുടെയും മിസൈലുകളുടെയും അവശിഷ്ടങ്ങളും വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു.

×